കൊടകര: ചരക്കുലോറിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന 460 കിലോയോളം കഞ്ചാവുമായി മൂന്നുപേരെ ചാലക്കുടി ഡിവൈഎസ്പി .സി.ആർ. സന്തോഷും സംഘവും പിടികൂടി.
കൊടുങ്ങല്ലൂർ ചന്തപുര മണപ്പാട്ട് വീട്ടിൽ ലുലു (32), തൃശൂർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ സ്വദേശി കുരു വീട്ടിൽ ഷാഹിൻ (33), മലപ്പുറം പൊന്നാനി ചെറുകുളത്തിൽ വീട്ടിൽ സലീം (37) എന്നിവരാണ് കെഎൽ 72 8224 നന്പറുള്ള ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്നതിനിടെ കൊടകരയിൽ പോലീസിന്റെ പിടിയിലായത്.
ആന്ധ്രയിലെ അനക്കാപ്പള്ളിയിൽനിന്ന് ചരക്കുലോറിയിൽ പാക്കറ്റുകളാക്കി കടലാസ് പെട്ടികൾ കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്.ഷാഹിൻ കൊള്ള സംഘത്തോടൊപ്പംചേർന്ന് 13 വര്‍ഷം മുന്‍പ് ഒല്ലൂരിൽ പച്ചക്കറി വ്യാപാരിയെ ആക്രമിച്ച് അരക്കോടി രൂപ കവർച്ചചെയ്ത കേസിൽ പ്രതിയാണ്.
രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെയുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെയും കൊടകര സിഐ ജയേഷ് ബാലന്റെയും നേതൃത്വത്തിൽ പേരാന്പ്ര കൊടകരയിൽ പുലർച്ചെ മുതൽ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവുമായിവന്ന സംഘം പിടിയിലായത്.
ആന്ധ്രയിൽനിന്ന് കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേൽത്തരം ഗ്രീൻ കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വിൽപന നടത്തുന്പോൾ ഗ്രാമിന് അഞ്ഞൂറു മുതൽ മുകളിലേക്കാണ് വില ഈടാക്കുന്നത്.
മിഷൻ ഡിഎഡി
ലഹരി വസ്തുക്കൾക്കെതിരെ വിപുലമായ പരിശോധനകളും ബോധവത്കരണ പരിപാടികളുമാണ് മിഷൻ ഡിഎഡി (ഡ്രൈവ് എഗെയ്ൻസ്റ്റ് ഡ്രഗ്) എന്ന പേരിൽ തൃശൂർ റേഞ്ച് കേന്ദ്രീകരിച്ച് പോലീസ് നടത്തിവരുന്നത്.
ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, ജോബ് സി.എ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു. സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥനായ സനൂപ് എന്നിവരടങ്ങിയ സംഘം ഏതാനും ദിവസങ്ങളായി നാഷണൽ ഹൈവേയും മറ്റും കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു.
ഹൈവേയിലൂടെ അമിത വേഗത്തിൽ എത്തിയ ലോറി തടഞ്ഞുനിർത്തി പരിശോധിക്കാൻ കൊടകര സ്റ്റേഷനിലെ എസ്ഐ ജെയ്സണ്‍ ജെ ., അഡീഷണൽ എസ് ഐ ബാബു പി.കെ, റെജി മോൻ , സീനിയർ സിപിഒമാരായ ബൈജു എം.എസ്, ലിജോണ്‍, ആന്റണി കെ.ടി എന്നിവരടങ്ങിയ സംഘവുമുണ്ടായിരുന്നു.
ചാലക്കുടി തഹസീൽദാർ ഇ.എൻ രാജുവിന്റെ സാന്നിധ്യത്തിലാണ് ലോറി തടഞ്ഞ് പരിശോധന നടത്തിയത്.
ആറു മാസം, 700 കിലോ കഞ്ചാവ്
ആറു മാസത്തിനുള്ളിൽ ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ എഴുനൂറ് കിലോയോളം കഞ്ചാവ് കൊരട്ടി, കൊടകര, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയിരുന്നു.
ലോക്ഡൗണ്‍ സാഹചര്യം മുതലെടുത്ത് ഉയർന്നവിലയ്ക്ക് വിറ്റഴിക്കണമെന്ന ലക്ഷ്യത്തോടെയാണ് യുവാക്കൾ കഞ്ചാവു കടത്തുന്നതിന്നായി ഇറങ്ങുന്നത്.
ലഹരി വസ്തുക്കൾ കടത്തുന്ന സംഘങ്ങൾക്കെതിരെ കർശനമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിടിയിലായവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കും.