കൊച്ചി: മഞ്ഞുമ്മലിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ പോലീസ് പിടികൂടിയ ആളെ കഞ്ചാവ് വിൽപ്പനക്കാരും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു മോചിപ്പിച്ച സംഭവത്തിൽ കളമശേരി ഗ്ലാസ് കോളനി മേഖലയിലെ വീടുകളിൽ പോലീസ് പരിശോധന നടത്തി.
ഇന്നലെ വൈകുന്നേരം നാലരയോടെ മഞ്ഞുമ്മൽആറാട്ടുകടവ് പാലത്തിനുസമീപം പഴയ ടിസിസി കന്പനി പടിക്കലാണ് കഞ്ചാവ് വിൽപ്പനക്കാരനെ പിടികൂടിയ ഏലൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ സ്റ്റേഷനിലെ എഎസ്ഐ ജയിംസ്, സീനിയർ സിപിഒ സുരേഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു. കളമശേരി ഗ്ലാസ് കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്നറിഞ്ഞ് വിൽപ്പനക്കാരെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ്.
കഞ്ചാവ് വാങ്ങാനെന്ന വ്യാജേന ഒരു യുവാവുമായാണ് ഏലൂർ പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ മഫ്ടിയിൽ ടിസിഎം കന്പനി സമീപം എത്തിയത്. യുവാവ് മൊബൈലിൽ വിളിച്ചു പറഞ്ഞതനുസരിച്ച് രണ്ട് വിൽപ്പനക്കാർ എത്തിയിരുന്നു. വിൽപ്പനക്കാര്യം സംസാരിക്കുന്നതിനിടയിൽ പോലീസുകാരാണെന്നു മനസിലാക്കിയ വിൽപ്പനക്കാരിൽ ഒരാൾ ഓടി രക്ഷപെട്ടു. ഒരാളെ പോലീസ് പിടികൂടി.
കുറേനേരം ഇയാളുമായി പോലീസ് പിടിവലി കൂടി. ഈ സമയം ഇയാളുടെ സുഹൃത്തുക്കളുടെ സംഘമെത്തി പോലീസിനെ ആക്രമിക്കുകയായിരുന്നു.പോലീസുമായി കഞ്ചാവ് വിൽപ്പന സംഘം പിടിവലി കൂടുന്നതും പോലീസുകാരെ ആക്രമിക്കുന്നതും നാട്ടുകാർ കണ്ടെങ്കിലും ആരും സഹായിക്കാനെത്തിയില്ല. ഏറെ നേരത്തെ പിടിവലിക്ക് ശേഷം പോലീസ് പിടികൂടിയ കഞ്ചാവ് വില്ലനക്കാരനെ സംഘം മോചിപ്പിച്ചു കൊണ്ടുപോയി.
ഗ്ലാസ് കോളനി മേഖലയിൽ നിന്നുള്ള ആറുപേരാണ് ആക്രമണം നടത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ വീടുകളിൽ പോലീസ് പരിശോധന നടത്തിയത്. പ്രതികൾ കളമശേരി നിവാസികളായതിനാൽ കളമശേരി പോലീസിന്റെ സഹായവും തേടുമെന്ന് ഏലൂർ പോലീസ് അറിയിച്ചു.