അഗളി: നാലരമാസത്തെ അട്ടപ്പാടിയിലെ ഒൗദ്യോഗികജീവിതത്തിനു ശേഷം സ്ഥലം മാറിപ്പോകുന്ന അഗളി എഎസ്പി സുജിത്ദാസ് യാത്രയയപ്പ് ദിനത്തിലും കഞ്ചാവുതോട്ടം വെട്ടിനിരത്തി ജനഹൃദയത്തിലിടം നേടി. ഇന്നലെ രാവിലെ പതിനൊന്നരയ്ക്ക് അഗളി പോലീസ് സ്റ്റേഷൻ പരിസരത്ത് സഹപ്രവർത്തകർ യാത്രയയപ്പിന് വേദിയൊരുക്കിയിരുന്നു.
അട്ടപ്പാടിയിലെ ഉൾവനത്തിൽ കഞ്ചാവുവേട്ടയിൽ മുഴുകിയിരുന്ന എഎസ്പി യ്ക്ക് കൃത്യസമയത്ത് എത്താനായില്ല. ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് ശേഷമാണ് യാത്രയയപ്പ് സമ്മേളനം തുടങ്ങിയത്. ഇന്നലെ പുലർച്ചെ പുതൂർ പൂന്പരി കോട്ടി മലയിലും ഒടന്പുകണ്ടി മലമേഖലയിലും നടത്തിയ റെയ്ഡിൽ 820 കഞ്ചാവ് ചെടികളാണ് വെട്ടി തീയിട്ട് നശിപ്പിച്ചത്.