സ്വന്തം ലേഖകൻ
തൃശൂർ: ഒന്നരക്കോടിയുടെ കഞ്ചാവ് പിടികൂടിയ സംഭവത്തിന്റെ തുടർ അന്വേഷണങ്ങൾക്കായി സംസ്ഥാനത്തെ ഏറ്റവും സമർത്ഥരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എക്സൈസിന്റെ പ്രത്യേക അന്വേഷണസംഘത്തെ ഉടൻ രൂപീകരിക്കും. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന്റെ പാഴ്സൽ ബോഗിയിൽ നിന്നും 370 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് കൈമാറി. പിടിച്ചെടുത്ത കഞ്ചാവും ബന്ധപ്പെട്ട രേഖകളും കോടതിയിലും സമർപ്പിച്ചു.
എക്സൈസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുക. ട്രെയിനിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തതുകൊണ്ടുതന്നെ റെയിൽവേ പോലീസും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പാഴ്സൽ അയച്ചവരെക്കുറിച്ചും മറ്റും റെയിൽവേ പോലീസ് അന്വേഷിക്കും.
എക്സൈസിന്റെ രഹസ്യാന്വേഷണവിഭാഗവും തൃശൂർ കഞ്ചാവ് വേട്ടയെക്കുറിച്ച് അന്വേഷണം നടത്തും. അന്വേഷണം ബീഹാറടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. വടക്കൻ സംസ്ഥാനങ്ങളിൽ വിപണനം ചെയ്യാനായി അയച്ച കഞ്ചാവ് അവിടെ ഇറക്കാൻ കഴിയാതെ വന്നപ്പോൾ കേരളത്തിലേക്ക് കയറ്റിവിട്ടതാണെന്നും പിന്നീട് എറണാകുളത്ത് നിന്ന് ബീഹാറിലേക്ക് തിരികെ കയറ്റിവിടുകയുമായിരുന്നുവെന്നാണ് എക്സൈസ് നിഗമനം.
എറണാകുളം-പാറ്റ്ന ട്രെയിൻ തൃശൂരിൽ എത്തിയപ്പോൾ എക്സൈസിന്റെയും റെയിൽവേ പോലീസിന്റെയും സംയുക്ത പരിശോധനയിൽ കഞ്ചാവ് ട്രെയിനിലെ പാഴ്സൽ ബോഗിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.