പെരുന്പാവൂർ: കഞ്ചാവ് വില്പന നടത്തിവന്ന ഇതരസംസ്ഥാന തൊഴിലാളികളെ കുന്നത്തുനാട് എക്സൈസ് പിടികൂടി. ആസാം നാഗോണ്‍ സ്വദേശികളായ അനറുൾ ഇസ്ലാം (28), മൻസിൽ അഹമ്മദ് (34), സുൽത്താൻ അലി (20) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നായി 600 ഗ്രാം കഞ്ചാവും കണ്ടെടുത്തു.പെരുന്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള മത്സ്യമാർക്കറ്റിൽ കഞ്ചാവ് വില്പനയ്ക്കായി ആവശ്യക്കാരെ കാത്തുനിൽക്കുന്പോഴാണ് അനറുൾ ഇസ്ലാമിനേയും മൻസിൽ അഹമ്മദിനെയും എക്സൈസ് ഷാഡോ ടീം പിടികൂടിയത്.
ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ 54 ചെറു പൊതികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു 400 ഗ്രാം കഞ്ചാവ്.പട്ടിമറ്റം കാവുങ്കൽപറന്പു ഭാഗത്ത് ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് 200 ഗ്രാം കഞ്ചാവുമായി സുൽത്താൻ അലിയെ പിടികൂടിയത്. ഇയാൾ കാവുങ്കൽപറന്പിൽ തന്നെയുള്ള ബേക്കറിയിലെ ജോലിക്കാരനാണ്.
പെരുന്പാവൂർ മത്സ്യ മാർക്കറ്റിന് സമീപത്തുനിന്നും പിടികൂടിയവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സുൽത്താൻ അലിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഒരു പൊതി കഞ്ചാവ് അഞ്ഞൂറു രൂപയ്ക്കാണ് വിറ്റിരുന്നത്.കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.കെ സജികുമാർ, പ്രിവന്റീവ് ഓഫീസർ ടി.ഡി. ജോസ്, സിവിൽ എക്സൈസ് ഓഫീസർ ഗിരീഷ് കൃഷ്ണൻ, പി.എസ്. സുനിൽ, അമൽ മോഹനൻ ഷാഡോ ടീമംഗങ്ങളായ എ.എം. കൃഷ്ണാകുമാർ, എം.ആർ. രാജേഷ്, എം.എം. നന്ദു, എക്സൈസ് ഡ്രൈവർ ബെന്നി പീറ്റർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.