കൈപ്പുഴ: കൈപ്പുഴ മൃഗാശുപത്രി ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന തകൃതിയായി. രാവിലെയും വൈകുന്നേരങ്ങളിലുമാണു കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത്. പ്രദേശവാസിയാണു കഞ്ചാവ് വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്നതെന്നു പറയുന്നു. ദിവസവും നിരവധി പേരാണ് ബൈക്കിൽ ഇവിടെയെത്തി കഞ്ചാവ് വാങ്ങി പോകുന്നത്.
പ്രദേശവാസിയായ നിരവധി കേസുകളിൽ പ്രതിയായ വ്യക്തിയുടെ നേതൃത്വത്തിലാണു കഞ്ചാവ് വിൽപ്പനയെന്നു പറയുന്നു. കുമളി, സേലം, തേനി എന്നിവിടങ്ങളിൽനിന്നും എത്തിക്കുന്ന കഞ്ചാവ് ചെറുപൊതികളാക്കിയാണ് വിൽപ്പന നടത്തുന്നത്. കഞ്ചാവ് വലിച്ചതിനുശേഷം പ്രദേശവാസികളെ അസഭ്യം പറയുന്നത് നിത്യസംഭവമാണ്.
ഇതിനെതിരെ അധികൃതർക്ക് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്.രാവിലെയും വൈകുന്നേരങ്ങളിലും കഞ്ചാവ് തേടി ഇവിടെ ദൂരസ്ഥലങ്ങളിൽനിന്നുപോലും യുവാക്കൾ ബൈക്കിൽ എത്താറുണ്ട്. സ്ഥലത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കഞ്ചാവ് വലിക്കുന്നവരുമുണ്ട്.
ഒരു ഗുണ്ടാനേതാവാണ് കഞ്ചാവ് വിൽപ്പനയ്ക്ക് ഒത്താശ ചെയ്യുന്നതെന്നു പറയുന്നു. കഞ്ചാവ് വിൽപ്പന തകൃതിയായതോടെ പ്രദേശത്തുകൂടി സഞ്ചരിക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.