പത്തനംതിട്ട: സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും വ്യാപനം ഗുരുതരമാകുന്നതായി എക്സൈസ് വകുപ്പ്.ജില്ലയിൽ എക്സൈസ് വകുപ്പ് കണ്ടെടുത്ത മയക്കുമരുന്നു കേസുകളിൽ ഭൂരിഭാഗവും സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യവച്ചുകൊണ്ടാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രപാലൻ അറിയിച്ചു.
വിദ്യാർഥികളെ ലഹരിമരുന്നിന്റെ വാഹകരാക്കി വൻതോതിൽ ലഹരിമരുന്ന് കള്ളക്കടത്ത് വ്യാപകമാക്കാൻ മയക്കുമരുന്ന് ലോബി ഗുഢതന്ത്രങ്ങൾ തയാറാക്കിയിട്ടുണ്ട്. റാന്നിയിലും മല്ലപ്പള്ളിയിലും കഴിഞ്ഞദിവസങ്ങളിൽ പാഴ്സൽ സർവീസുകൾഡ പരിശോധിച്ചതിൽ വൻതോതിലുള്ള മയക്കുമരുന്നിന്റെ വിപണനം നടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് എക്സൈസ് വകുപ്പ് അധികൃതർ അറിയിച്ചു.
സ്കൂളുകളിലും കോളജുകളിലും എക്സൈസ് വകുപ്പ് ഇടപെടൽ ശക്തമാക്കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ലഹരിവിരുദ്ധ ക്ലബുകൾ എല്ലാ വിദ്യാലയങ്ങളിലും സ്ഥാപിക്കും. സ്കൂളുകളും കോളജുകളും നിരീക്ഷിക്കാൻ എക്സൈസ് ഉദ്യോഗസ്ഥനെ വീതം നിയോഗിച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരുദിവസം ഈ ഉദ്യോഗസ്ഥൻ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തും.
സ്കൂൾ കോളജ് അധികൃതർ മയക്കുമരുന്ന് ലോബിക്കെതിരെ ജാഗരൂകരാകണമെന്നും നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ബന്ധപ്പെട്ട എക്സൈസ് റേഞ്ച് ഓഫീസിൽ നിന്നു ശേഖരിച്ച് വിവരങ്ങൾ കൈമാറണമെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നിർദേശിച്ചു. ടോൾ ഫ്രീ നന്പർ – 155358.