കോട്ടയം: ഒരുകിലോഗ്രാം കഞ്ചാവുമായി കോട്ടയത്ത് എക്സൈസിന്റെ പിടിയിലായ സ്കൂൾ വിദ്യാർഥി കഞ്ചാവ് എത്തിച്ചിരുന്നത് ട്രെയിനിൽ. സ്കൂൾ യൂണിഫോമിൽ ബാഗുമായി ട്രെയിനിൽ സഞ്ചരിക്കുന്ന വിദ്യാർഥിയെ ആരും സംശയിക്കുകയില്ല. ഇതു മുതലെടുത്താണു ഇയാൾ സ്ഥിരമായി കഞ്ചാവ് കോട്ടയത്ത് എത്തിച്ചിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണു കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും സ്കൂൾ വിദ്യാർഥി ഒരുകിലോഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലാകുന്നത്.
തിരുവനന്തപുരം സ്വദേശിയായ പതിനേഴുകാരൻ കോട്ടയത്തെ സ്കൂളിലാണു പഠിക്കുന്നത്. സ്കൂൾ വിദ്യാർഥികൾക്കു ക്യാപ്സൂൾ രൂപത്തിലാണു ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നതെന്നു എക്സൈസ് അധികൃതർ പറഞ്ഞു. കഞ്ചാവ് വില്പനയ്ക്കു പുറമെ ഗുണ്ടാ സംഘങ്ങളുമായും വിദ്യാർഥി അടുത്ത ബന്ധം പുലർത്തിയിരുന്നു.
വിദ്യാർഥിയുടെ പക്കൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണും എക്സൈസ് അധികൃതർ വിശദമായി പരിശോധിച്ചു വരികയാണ്. അലോട്ടിയുടെ ഗുണ്ടാ സംഘാംഗമായ ഇയാൾ, ഇവരിൽ നിന്നാണ് കഞ്ചാവ് വാങ്ങാനുള്ള വഴി കണ്ടെത്തിയതെന്നും എക്സൈസ് സംഘം പറഞ്ഞു.
ദിവസങ്ങൾക്കു മുന്പു നഗരത്തിലെ സ്കൂൾ വിദ്യാർഥികളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ക്യാപ്സൂൾ കഞ്ചാവ് എത്തിച്ചു നൽകുന്ന സ്കൂൾ വിദ്യാർഥിയെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസ് അധികൃതർക്കു ലഭിച്ചത്. തുടർന്ന് എക്സൈസ് സംഘം ദിവസങ്ങളോളമായി ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുകയായിരുന്നു.
ഇതിനിടെയാണ് ഇന്നലെ വൈകുന്നേരം വിദ്യാർഥി കഞ്ചാവുമായി എത്തുമെന്ന വിവരം എക്സൈസ് സംഘത്തിനു ലഭിച്ചത്. തുടർന്നു ഇന്നലെ ഉച്ചമുതൽ എക്സൈസ് സംഘം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. ഈ സമയം പ്രദേശത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയാളെ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ കൈയ്യിലെ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
പെട്ടെന്നു തിരിച്ചറിയാനാകാത്ത വിധം നാലു കൂടുകളിലായി പൊതിഞ്ഞാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.അലോട്ടി അടക്കമുള്ള ഗുണ്ടാ സംഘങ്ങൾ കഞ്ചാവ് വാങ്ങുന്നതിനു കാരിയറായി ഉപയോഗിച്ചിരുന്നത് ഈ പതിനേഴുകാരനെ ആയിരുന്നു. ഇടുക്കിയിൽ എക്സൈസിന്റെയും, പോലീസിന്റെയും പരിശോധന ശക്തമായതോടെ മധുരയിൽ നിന്നും തിരുവനന്തപുരം വഴി ട്രെയിൻ മാർഗമാണ് ഇയാൾ പതിവായി കഞ്ചാവ് എത്തിച്ചിരുന്നതെന്നു എക്സൈസ് അധികൃതർ പറഞ്ഞു.
മുന്പു തിരുവനന്തപുരത്തെ സ്കൂളിൽ പഠിച്ചിരുന്ന ഇയാൾ കോട്ടയത്തെ സ്കൂളിൽ വിദ്യാർഥിയായി എത്തിയതോടെയാണ് ഇയാൾക്ക് കോട്ടയത്തെ ഗുണ്ടാ സംഘങ്ങളുമായി ബന്ധം തുടങ്ങിയത്. പീന്നിടാണു കഞ്ചാവ് വിതരണം അടക്കമുള്ള പ്രവർത്തനങ്ങളിലേക്കു കടന്നതും.ഇയാൾക്കു കഞ്ചാവ് ലഭിക്കുന്നതു എവിടെ നിന്നാണെന്നും കോട്ടയത്ത് സ്ഥിരമായി കഞ്ചാവു വാങ്ങിയിരുന്നവരെക്കുറിച്ചുമാണു എക്സൈസ് സംഘം അന്വേഷിക്കുന്നത്.
എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എച്ച്. നൂറുദീൻ, എക്സൈസ് ഇൻസ്പെക്ടർ വി.ആർ. സജികുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി.ജി. രാജേഷ്, ടി.എസ്. സുരേഷ്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷൽ സ്ക്വാഡ് അംഗം കെ.എൻ. സുരേഷ്കുമാർ, സിഇഒമാരായ പി.പി. പ്രസീത്, വി.എസ്. സുജിത്, ശ്യാംകുമാർ, കെ.സി. ദിബീഷ്, ഇ.വി. ബിനോയ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.