കാട്ടിക്കുളം(മാനന്തവാടി): ഡിജെ പാർട്ടികളിൽ ഉപയോഗിക്കുന്ന മയക്കുമരുന്നുകളുമായി കർണാടക സ്വദേശികളായ യുവാവും യുവതിയും തോൽപ്പെട്ടിയിൽ എക്സൈസ് സ് ക്വാഡിന്റെ പിടിയിലായി.
ബംഗളൂരു കൊൽക്കണ്ടഹള്ളി സർജാർപൂർ റോഡിലെ മൈറോൺ (25), സുഹൃത്ത് ബംഗളൂരു കോറമംഗല കെഎച്ച്ബി കോളനിയിലെ അഫീഫ ഇമ്രാൻ (23) എന്നിവരാണ് 180 ഗ്രാം എൽഎസ്ഡിയും ആറ് ഗ്രാം ഹാഷിഷും സഹിതം അറസ്റ്റിലായത്. ബംഗളൂരുവിൽനിന്നു പൾസർ ബൈക്കിൽ കേരളത്തിലേക്ക് വന്ന ഇവർ കഴിഞ്ഞ ദിവസം വൈകുന്നേരം തോൽപ്പെട്ടിയിൽ വാഹനപരിശോധനയ്ക്കിടെയാണ് കുടുങ്ങിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.പി. ജോർജ്, പ്രവിന്റീവ് ഓഫീസർമാരായ സജിമോൻ, ശശികുമാർ, കെ. ശശി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. ശിവൻ, പ്രിൻസ്, രജിത്ത്, ലത്തീഫ്, വിപിൻ, അനുദാസ്, ചാക്കോ. ശ്രീജമോൾ, വിപിത എന്നിവരടങ്ങുന്ന സംഘമാണ് വാഹനപരിശോധന നടത്തിയത്.
ഉന്നതവിദ്യാഭ്യാസം നേടിയ സമ്പന്നരാണ് ഇവരെന്നും ദീർഘകാലമായി മയക്കുമരുന്നുകൾ കൈകാര്യം ചെയ്തുവരികയാണെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. വിനോദസഞ്ചാരമേഖലയിലാണ് മൈറോണ്‍ ജോലി ചെയ്യുന്നത്. മാനന്തവാടി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.