ചടയമംഗലം: ഓണം സ്പെഷൽ ഡ്രൈവിനിടെ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കടയ്ക്കൽ ഐരക്കുഴി കിണറ്റിൻമുക്ക് മുളങ്കാട്ട് കുഴി ചരുവിളവീട്ടിൽ നവാസ് (കൊട്ടല്ലി -29) ആണ് 1.200 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരുന്നതിനിടെ ആഡംബര ബൈക്കിൽ കഞ്ചാവുമായി വരവെയാണ് സാഹസികമായി പിടികൂടിയത്. സ്കൂൾ കോളേജ് പരിസരങ്ങളിൽ കഞ്ചാവു വിൽപന നടത്തിവരുന്ന ഇയാൾ ഓണത്തിന് വിൽപനയ്ക്കാണ് കഞ്ചാവ് കരുതിയത്.
ഓണക്കച്ചവടം ലക്ഷ്യമാക്കി ചാരായം വാറ്റിയ കടയ്ക്കൽ തുണ്ടുവിള പ്രകാശിനെയും അരിഷ്ട വിൽപന നടത്തിയതിന് അന്പലംമുക്ക് പാറംകോട് സുരേന്ദ്രൻപിളള, കുമ്മിൾ നിന്ന് ജയപ്രകാശ്, വിദേശമദ്യം സംഭരിച്ച് വിൽപന നടത്തിയതിന് രഞ്ജിത്തിനെയും അറസ്റ്റ് ചെയ്തു. റെയ്ഡിനോടനുബന്ധിച്ച് അഞ്ച് ലിറ്റൽ ചാരായവും 170 ലിറ്റർ കോടയും 54 ലിറ്റർ അരിഷ്ടവും 31.500 ലിറ്റർ വിദേശമദ്യവും പിടികൂടി.
എക്സൈസ് പ്രീവന്റീവ് ഓഫീസർമാരായ ഷിബു പാപ്പച്ചൻ, എ എൻ ഷാനവാസ്, സിഇഓ മാരായ സിഎൻ സുനിൽ, എ സബീർ, ഷൈജു, സുധീഷ്, ചന്തു, യദുകൃഷ്ണൻ എന്നിവരും പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച് മദ്യ മയക്കുമരുന്ന് പാൻമസാല മറ്റ് ലഹരി വിൽപനകൾ ശ്രദ്ധയിൽപ്പെട്ടാൽ 0474 2 475191, 9400069459 എന്നീ നന്പരുകളിൽ അറിയിക്കണമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.