പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്.
അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അപകടത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയത്തെത്തുടർന്ന് തെരച്ചിൽ നടക്കുകയാണ്. ഇന്നു പുലർച്ചെ 5.40നായിരുന്നു അപകടം.
കമ്പനിയിലെ ഫര്ണസുകളിലൊന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ ശബ്ദം മൂന്നു കിലോമീറ്റര്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. പരിക്കേറ്റവർ പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടകാരണം എന്താണെന്ന് പരിശോധിച്ചു വരികയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു.പൊട്ടിത്തെറിയുടെ തീവ്രതയില്‍ സമീപ പ്രദേശത്തെ വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
അപകടസമയത്ത് നാലുപേരാണ് ജോലിയില്‍ ഉണ്ടായിരുന്നത്. കമ്പനിയിലെ എസ്കലേറ്റര്‍ ഓപ്പറേറ്ററാണ് മരണപ്പെട്ട അരവിന്ദ്. രണ്ടു മാസം മുമ്പാണ് അരവിന്ദ് ഇവിടെ ജോലിക്ക് എത്തിയത്.
ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥാപനം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.