പാലക്കാട്: ജില്ലയുടെ വികസനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി നഷ്ടപ്പെടാതാരിക്കാൻ ജനകീയ സമരം ആവശ്യമാണെന്നും സ്ഥലം ഏറ്റെടുത്ത് നൽകുകയും തറക്കല്ലിടുകയും ചെയ്ത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ജൂലായ് 10 ന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാനും പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാനും എൽഡി എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി ആരംഭിക്കാത്തത് കേന്ദ്രഗവണ്മെന്റിന്റെ അവഗണനയുടെയും വഞ്ചനയുടെയും രാഷ്ട്രീയ വിവേചനവുമാണ്. 2008-ൽ പാലക്കാട് ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ രൂപീകരിച്ചപ്പോഴാണ് അന്നത്തെ റെയിൽവേ മന്ത്രി ലാലുപ്രസാദ് യാദവ് കഞ്ചിക്കോട് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. 2012-13 ലെ റെയിൽവേ ബഡ്ജറ്റിൽ പദ്ധതി അനുവദിക്കുകയും 2012-ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ തറക്കല്ലിടുകയും ചെയ്തതാണ്.
ഇതിന് വേണ്ടി മുൻ എൽ ഡി എഫ് സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയതുമാണ്. രണ്ടാം യു പി എ സർക്കാരോ പിന്നീട് അധികാരത്തിൽ വന്ന എൻ ഡി എ സർക്കാരോ ഈ പദ്ധതി നടപ്പിലാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല.
യാഥാർത്ഥ്യങ്ങൾ മറച്ചുപിടിച്ച് ജില്ലയിലെ കോണ്ഗ്രസ്-ബി ജെ പി നേതൃത്വങ്ങൾ കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ നടത്തുന്ന പ്രചരണങ്ങൾ സ്വന്തം വീഴ്ചകളും ജനവഞ്ചനയും മൂടിവെയ്ക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നടത്തുന്ന പാഴ്ശ്രമമാണ്.
യോഗത്തിൽ സി പി എം ജില്ലാ സെക്രട്ടറി സി. കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്വീനർ വി. ചാമുണ്ണി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. കെ. പി. സുരേഷ് രാജ്, വിജയൻകുനിശ്ശേരി, അഡ്വ.മുരുകദാസ്, ഓട്ടൂർ ഉണ്ണികൃഷ്ണൻ, എ. ശിവപ്രകാശൻ, സുബ്രഹ്മണ്യൻ, നൈസ് മാത്യു, യു. ശ്രീകുമാർ ചർച്ചയിൽ പങ്കെടുത്തു.