കണ്ണൂര്‍: വാരം ചതുരകിണറിൽ മോഷണശ്രമത്തിനിടെ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ.
കണ്ണൂരിൽ നിർമാണ തൊഴിലാളിയായ ആസാം സ്വദേശി മോയിബുള് ഹക് (25) ആണ് അറസ്റ്റിലായത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ആസാമിൽവെച്ച് പിടികൂടിയത്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം എസിപി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
സെപ്റ്റംബർ 29നാണ് വാരം ചതുര കിണറിൽ തനിച്ചുതാമസിക്കുകയായിരുന്ന ആയിഷ മോഷണ ശ്രമത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്.
രാവിലെ പ്രാര്‍ഥന നടത്താന്‍ എഴുന്നേറ്റ ആയിഷ വീടിനു മുറ്റത്തെ പൈപ്പില്‍ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മോഷ്ടാവിന്റെ അക്രമത്തിന് ഇരയായത്.
കവര്‍ച്ചക്കിടയില്‍ മോഷ്ടാവുമായുള്ള ചെറുത്തു നില്പ്പിനിടെ ആയിഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരു ചെവികള്‍ മുറിയുകയും വാരിയെല്ലുകള്‍ തകരുകയും ചെയ്തു. കാലുകള്‍ക്കും പരിക്കേറ്റു.
ഗുരുതര പരിക്കേറ്റ ആയിഷ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് മരിക്കുന്നത്. മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് ആയിഷ മരിക്കുന്നതിന് മുമ്പ് പോലീസിന് മൊഴി നല്‍കിയിരുന്നു.
വീട്ടിൽ നിന്ന് ലഭിച്ച ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഒരാൾ കൂടി പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ പേർ ഇതിൽ ഉൾപെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. രണ്ടാം പ്രതിയെ ഉടൻ പിടികൂടാനാകുമെന്നാണ് പോലീസ് പറയുന്നത്.
അന്വേഷണ സംഘത്തില്‍ കണ്ണൂർ സിഐ ശ്രീജിത്ത് കൊടേരി, എസ്ഐ ബിജു പ്രകാശ്, ചക്കരക്കൽ അഡീഷണൽ എസ് ഐ രാജീവന്, കണ്ണൂര്‍ ടൗൺ എസ് ഐ മാരായ അനീഷ്, ഹാരിസ്, ഉണ്ണിക്കൃഷ്ണൻ, യോഗേഷ്, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ സജിത്ത്, ബാബുപ്രസാദ്, സ്നേഹേഷ്, എം. അജയൻ, രഞ്ജിത്ത്, നാസർ എന്നിവരും ഉണ്ടായിരുന്നു.
പ്രതിയെ പിടികൂടിയത് നിർണായക നീക്കത്തിലൂടെ
ആയിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിയെ പോലീസ് പിടികൂടിയത് നിർണായക നീക്കത്തിലൂടെ. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതലുള്ള അന്വേഷണം.
നാല് സ്ക്വാഡുകളായി തിരിഞ്ഞ് ഇതരസംസ്ഥാന ക്യാന്പുകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം നടന്നത്. സംശയം തോന്നിയ എല്ലാവരെയും പോലീസ് ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച നിർണായക വിവരത്തിൽ നിന്നാണ് പ്രതി ആസാം സ്വദേശിയാണെന്നും കൃത്യം നടത്തിയ ശേഷം ഇയാൾ സ്വദേശത്തേക്ക് കടന്നുവെന്നും കണ്ടെത്തിയത്.
ശാസ്ത്രീയമായ തെളിവുകളും പ്രതിയെ പിടികൂടാൻ പോലീസിന് സഹായകമായി. തുടർന്ന് പോലീസ് സംഘം ആസാമിലേക്ക് തിരിച്ചു. തിരച്ചിലിനൊടുവിൽ പ്രതി മോയിബുള് ഹക് വലയിലാവുകയും ചെയ്തു.
ഇയാളുടെ കൂട്ടുപ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. രണ്ടാം പ്രതിയും ആസാം സ്വദേശി തന്നെയാണ്. ഇയാൾ ഉടൻ വലയിലാവുമെന്നാണ് സൂചന.
ലക്ഷ്യം കവർച്ച
വയോധികയെ അക്രമിച്ച് പരിക്കേൽപിച്ച് മോഷണം നടത്താനായിരുന്നു കവർച്ച സംഘത്തിന്റെ ലക്ഷ്യം. മാസങ്ങൾക്ക് മുന്‍പ് നിർമാണ ജോലിക്കായി പ്രതികൾ അയിഷയുടെ വീടിന് അടുത്തായി താമസിച്ചിരുന്നു. ശരീരത്തിൽ മുഴുവൻ സ്വർണാഭരണങ്ങൾ അണിഞ്ഞ് നടന്ന ആയിഷ ഒറ്റക്കാണ് താമസിക്കുന്നതെന്ന് ഇവർ നോക്കി വെച്ചു. ഇത് മോഷണത്തിലേക്ക് വഴിവെച്ചു. പിന്നീട് ഇതിനായുള്ള പ്ലാനിംഗ് ആയിരുന്നു. കൊല നടത്തണം എന്ന് പ്രതികൾ ഉദ്ദേശിച്ചിരുന്നില്ല. വയോധികയെ കീഴ്പെടുത്തി സ്വർണം കവർന്ന് നാട്ടിലേക്ക് രക്ഷപെടുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ അക്രമിച്ചപ്പോൾ ആയിഷ നിലവിളിച്ചു. സമീപത്തെ ആളുകൾ അറിഞ്ഞു. കിട്ടിയത് ആവട്ടെയെന്ന് കരുതി കാതിലെ കമ്മൽ വലിച്ചു പറിച്ചു. എന്നാൽ കമ്മൽ പറിക്കുന്നതിനിടെ ആയിഷയുടെ കാതുകൾ അറ്റുപോയി. ഓടി രക്ഷപെടുന്നതിനിടയിൽ കവർച്ച സംഘത്തിന്റെ കയ്യിൽ നിന്നും ഒരു കമ്മൽ വീണു പോകുകയും ചെയ്തു. സംഭവം നടന്ന ദിവസം പ്രതികൾ നാട്ടിലേക്ക് തിരിച്ചതാണ് സംശയത്തിന് വഴിവെച്ചത്. പിന്നീടുള്ള അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തിയത്.