കോട്ടയം: പരിശോധനകൾ പുരോഗമിക്കുന്പോഴും ജില്ലയിലേക്ക് കഞ്ചാവ് സുലഭമായി എത്തുന്നു. തമിഴ്നാട് അതിർത്തികൾ കടന്നാണ് കഞ്ചാവ് ഇവിടേക്ക് കടത്തുന്നത്.
ജില്ലയിലെ വിവിധ ടൗണുകൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ ഇതു ചെറു പൊതികളാക്കി വിൽപ്പന നടത്തുകയാണ് പതിവ്. കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ എത്തിക്കുന്ന കഞ്ചാവ് വിൽപ്പന നടത്തുന്നതിനും ആളുകൾ സജ്ജമാണ്.
മെഡിക്കൽ കോളജ്, കുമാരനല്ലൂർ, ഏറ്റുമാനൂർ, പാലാ, ചങ്ങനാശേരി തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരക്കരുടെ സങ്കേതമുണ്ട്.
ഇന്നലെ ചങ്ങനാശേരിയിലേക്കു ലോഡുമായി വന്ന പിക് അപ് വാനിൽ നിന്നും മുണ്ടക്കയം പോലീസ് രണ്ടുകിലോ കഞ്ചാവാണ് പിടികൂടിയത്.
സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രാജീവ് നഗറിൽ മുരളി (30), അങ്കുർ പാളയം അവിൻ കുമാർ (26) എന്നിവരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. തമിഴ്നാട്ടിൽനിന്നും വാഴക്കുലയുമായെത്തിയ പിക് അപ് വാനിന്റെ ക്യാബിനിൽ ഒളിപ്പിച്ച നിലയിലാണ് പോലീസ് കഞ്ചാവ് കണ്ടെത്തിയത്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് കോട്ടയം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് വൻതോതിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ ടി.പി.ജിനു(44), കുമാരനല്ലൂർ ഭാഗത്തു നിന്നും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ വടവാതൂർ കൊല്ലം പറന്പ് കോളനിയിൽ കുഴിയിൽ വീട്ടിൽ സൈനുദ്ദീൻ (പാൽക്കാരൻ കുഞ്ഞുമോൻ -76), പെരുന്പായിക്കാട് വില്ലേജിൽ എസ്.എച്ച് മൗണ്ട് കദളിമറ്റത്തിൽ വീട്ടിൽ സജ്ഞു സ്റ്റീഫൻ (42) എന്നിവരും പിടിയിലായത്.
ഇതരസംസ്ഥാന തൊഴിലാളികളും യുവാക്കളുമാണ് കഞ്ചാവിന് ആവശ്യക്കാരായി എത്തുന്നത്.
പോലീസ്, എക്സൈസ് എൻഫോഴ്സ്മെൻറ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ പരിശോധനകൾ കൃത്യമായി പുരോഗമിക്കുന്നതുകൊണ്ടാണ് പ്രതികൾ പിടിയിലാകുന്നതും കഞ്ചാവിന്റെ ഒഴുക്ക് നിയന്ത്രിക്കാനാകുന്നതും.