ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തെ നടുക്കി ആഭരണശാലകളിലെ മോഷണം നടന്നിട്ട് ദിവസങ്ങൾ പിന്നിടുന്പോഴും ഇരുട്ടിൽ തപ്പി പോലീസ്.
മോഷ്്ടാക്കളെക്കുറിച്ചു പോലീസിനു വിവരങ്ങൾ ലഭിക്കാതെ ആയതോടെ പ്രദേശവാസികളും ഭീതിയിലാണ്.
കഴിഞ്ഞ 12ന് രാത്രിയിലാണ് ചങ്ങനാശേരി മാർക്കറ്റ് റോഡിലെ, ആലുക്കൽ, ഐശ്വര്യ ജൂവലറികളിൽ മോഷണം നടന്നത്.
ഈ കടകളിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ വെള്ളി ആഭരണങ്ങളാണ് മോഷണം നടന്നത്.
പിറ്റേന്ന് രാവിലെയാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്.
തുടർച്ചയായി മോഷണം നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് മോഷ്്ടാക്കളെ പിടികൂടുന്നതിനായി ഇരുപതംഗ പോലീസ് സേനയെ കേസ് അന്വേഷണത്തിനായി നിയോഗിച്ചെങ്കിലും പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചിട്ടില്ല.
ഇതിനു പുറമേ ചങ്ങനാശേരി മേഖലകളിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചു മോഷണശ്രമവും സാമൂഹിക വിരുദ്ധ ശല്യവും വർധിച്ചിരിക്കുകയാണ്.
മോഷണം നടന്നതോടെ രാത്രിയിൽ ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലും പോലീസ് വാഹന പരിശോധനയും പട്രോളിംഗും കർശനമാക്കിയിട്ടുണ്ട്.
നഗരത്തിലൂടെയും ബൈപ്പാസിലൂടെയും രാത്രിയിൽ കടന്നു പോകുന്ന എല്ലാ വാഹനങ്ങളെയും പോലീസ് പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.
പ്രതികളെ പിടികൂടാൻ വൈകുന്നതോടെ പ്രദേശവാസികളാകെ ഭീതിയിലാണ്.
സന്ധ്യ കഴിഞ്ഞാൽ വീടിനു വെളിയിൽ ഇറങ്ങാൻ പോലും പലരും ഭയപ്പെടുകയാണ്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.