കാട്ടാക്കട : സ്വകാര്യ വാഹനത്തിൽ കടത്തിയ 405 കിലോ കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
മലയിൻകീഴ് മൂങ്ങോട് മുക്കംപാലമൂട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ തിരുമല സ്വദേശി ഹരികുമാർ, ബീമാപള്ളിക്ക് സമീപം താമസിക്കുന്ന അഷ്കർ എന്നിവരാണ് പിടിയിലായത്.
ആന്ധ്രയിലെ രാജമുന്ദ്രിയിൽ നിന്നും തിരുവനന്തപുരം ശ്രീകാര്യത്തുള്ള രണ്ടു പേർക്ക് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്നു പിടിയിലായ പ്രതികൾ മൊഴി നൽകിയതായി എക്സൈസ് പറഞ്ഞു.
വാഹനത്തിന്റെ മുൻ ചില്ലുകളും വാതിലുകളും വശങ്ങളും ഒക്കെ പിടികൂടുമ്പോൾ തകർന്ന നിലയിലായിരുന്നു.
പ്രതികളെയും പിടിച്ചെടുത്ത കഞ്ചാവും വാഹനവും എക്സൈസ് തിരുവനതപുരം വഞ്ചിയൂരിലുള്ള കേന്ദ്രത്തിലേക്ക് മാറ്റി .
മാസങ്ങൾക്ക് മുമ്പ് ബാലരാമപുരത്തുനിന്ന് 203 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതേ സംഘത്തിൽ പെട്ടവർ തന്നെയാണ് പിടിയിലായ ഹരികുമാറും അഷ്കറുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പഠനത്തിനും മറ്റുമായി ബംഗളൂരുവിൽ എത്തിയ യുവാക്കളാണ് ലഹരി ഉപയോഗത്തിലൂടെ പിന്നീട് കച്ചവടത്തിലേക്ക് തിരിഞ്ഞത്.
കഞ്ചാവുമായി കാറിൽ ചെന്നൈ വഴി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇവർ.
രഹസ്യവിവരത്തെ തുടർന്ന് സംഘത്തെ പിൻതുടർന്ന എക്സൈസ് ഉദ്യോഗസ്ഥർ മുക്കംപാലമൂട്ടിൽ വച്ച് കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് 178 പായ്ക്കറ്റുകളിലായി 405 കിലോ കഞ്ചാവ് കണ്ടെത്തിയത്.
ഒരു റിട്ടയേർഡ് എസ്പിയുടെ മകനാണ് സംഘത്തിന് നേതൃത്വം നൽകുന്നതെന്ന് സൂചനയുണ്ട്.
കോവിഡ് കാലമായതിനാൽ ചെക്കിംഗ് ഉണ്ടാകുമെന്ന് മനസിലാക്കിയ ഇവർ ഊടുവഴിയിലൂടെയാണ്തലസ്ഥാനത്തെത്തിയത്.
മലയിൻകീഴിൽ ചെക്കിംഗ് ഉണ്ടാകുമെന്ന് മനസിലാക്കിയതിനാൽ ഇവർ അന്തിയൂർക്കോണത്തുനിന്നും തിരിഞ്ഞ് മൂങ്ങോട് റോഡ് തെരഞ്ഞെടുക്കുകയായിരുന്നു.
സർക്കിൾ ഇൻസ്പെക്ടർമാരായ ടി. അനികുമാർ, ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായകെ. വി വിനോദ്, ആർ.ജി. രാജേഷ്, എസ്. മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർമാരായ ബി. ഹരികുമാർ, രാജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സുബിൻ, എസ്.ഷംനാദ്, രാജേഷ്, വിശാഖ്, ജിതീഷ്, ബിജു, ശ്രീലാൽ, മഹമ്മദ് അലി, അനിഷ്, രാജീവ്എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.