ജോൺസൺ പൂവന്തുരുത്ത്
“നിന്നോടു ഞാൻ നിർത്താൻ പറഞ്ഞതല്ലേടാ.. നീ എന്നെ ചതിക്കുകയായിരുന്നു” ഇങ്ങനെ കാമുകനോടു ചോദിച്ചുകൊണ്ട് വാവിട്ടു നിലവിളിക്കുന്ന 22 വയസ് മാത്രമുള്ള യുവതിയുടെ ചിത്രം ഇനിയും മലയാളിയുടെ മനസിൽനിന്നു മാഞ്ഞിട്ടുണ്ടാവില്ല.
കഴിഞ്ഞ ഒാഗസ്റ്റിൽ തൊടുപുഴയിലെ ലോഡ്ജിൽ മുറിയെടുത്തു താമസിക്കുന്ന യുവാവും യുവതിയും മയക്കുമരുന്നു കച്ചവടം നടത്തുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്.
ദിവസങ്ങളായി ഇവർ നിരീക്ഷണത്തിലായിരുന്നു. ഇന്നു സമൂഹത്തിൽ ഏറ്റവും ഭീഷണിയും ഭീതിയും വിതച്ചുകൊണ്ടിരിക്കുന്ന എംഡിഎംഎ എന്ന മാരക മയക്കുമരുന്ന് ഇവരുടെ പക്കിൽനിന്നു പോലീസ് പിടിച്ചെടുത്തു.
മയക്കുമരുന്നു വിപണിയിൽ അഞ്ചു ലക്ഷത്തിലേറെ വില വരുന്ന 6.6 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. മയക്കുമരുന്നു ചൂടാക്കുന്നതിനുള്ള സ്ഫടിക്കുഴലും നിറയ്ക്കാനുള്ള ചെറിയ പായ്ക്കറ്റുകളും കണ്ടെടുത്തു.
നിലയ്ക്കാത്ത നിലവിളി
കുടുങ്ങി എന്നു തിരിച്ചറിഞ്ഞ നിമിഷം ആർക്കും സഹതാപം തോന്നുന്ന രീതിയിൽ അലറിക്കരഞ്ഞുകൊണ്ടാണ് ആ പെണ്‍കുട്ടി പോലീസിനൊപ്പം നീങ്ങിയത്.
സ്റ്റേഷനിലെത്തിയിട്ടും അവൾ കരച്ചിൽ നിർത്തിയില്ല. കോതമംഗലം നെല്ലിക്കുഴി സ്വദേശിനി ആയിരുന്നു ആ പെണ്‍കുട്ടി.
ഒപ്പമുണ്ടായിരുന്ന കാമുകൻ തൊടുപുഴ പെരുന്പള്ളിച്ചിറ സ്വദേശി 25 വയസുകാരൻ യൂനസ് റസാക്കും. നാലു വർഷമായി സൗഹൃദത്തിലായിരുന്നു ഇരുവരും.
പ്രണയം തലയ്ക്കു പിടിച്ചാണ് ഈ പെണ്‍കുട്ടി യൂനസ് റസാക്കിനൊപ്പം ഇറങ്ങിത്തിരിച്ചത്. എന്നാൽ, പിടിയിലായതിനു ശേഷം യൂനസ് പോലീസിനോടു പറഞ്ഞ വാക്കുകൾ നമ്മുടെ പെണ്‍കുട്ടികൾ ചെവി തുറന്നു കേൾക്കേണ്ടതാണ്.
മറ്റുള്ളവർക്കു സംശയം തോന്നാതിരിക്കാനാണ് യുവതിയെ ഒപ്പം കൂട്ടിയതെന്നായിരുന്നു യൂനസ് റസാക്കിന്റെ വെളിപ്പെടുത്തൽ.
അതായത് പ്രണയം തലയ്ക്കു പിടിച്ചാണ് പെണ്‍കുട്ടി ഇയാൾക്കൊപ്പം ഇറങ്ങിത്തിരിച്ചതെങ്കിലും അവനു പ്രണയം അവളോടല്ലായിരുന്നു മയക്കുമരുന്നിനോടു മാത്രമായിരുന്നു എന്നു തെളിയിക്കുന്നതാണ് ഇയാളുടെ വാക്കുകൾ.
കച്ചവടത്തിനു മറ
അവളുടെ സാന്നിധ്യം തന്റെ മയക്കുമരുന്നു കച്ചവടത്തിനുള്ള മറയാക്കി മാറ്റുകയിരുന്നു യൂനസ് എന്നാണ് പോലീസ് പറയുന്നത്.
ചെറുവട്ടൂർ സ്കൂളിൽനിന്ന് 2018ൽ ഉയർന്ന മാർക്കോടെ പ്ലസ്ടു പൂർത്തിയാക്കി. തുടർന്നു കോതമംഗലത്തെ കോളജിൽനിന്നു ഭേദപ്പെട്ട മാർക്കോടെ സോഷ്യോളജിയിൽ ബിരുദം പൂർത്തിയാക്കി.
തുടർപഠനത്തിനായി എറണാകുളത്ത് ഒരു സ്ഥാപനത്തിൽ ചേർന്നതിനു പിന്നാലെയാണ് സോഷ്യൽ മീഡിയ വഴി യൂനസിനെ പരിചയപ്പെടുന്നത്.
നാടിന്റെ പ്രിയങ്കരിയായി വളരേണ്ട ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ താളം തെറ്റുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്.
ജയിൽവാസത്തിനും ഡി അഡിക്ഷൻ സെന്ററിലെ നാളുകൾക്കും ശേഷം ഇപ്പോൾ അവളെ സാധാരണ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ പരിശ്രമിക്കുകയാണ് മനുഷ്യസ്നേഹികളായ ചിലർ.
പ്രണയത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന മയക്കുമരുന്നിന്റെ കെണി തിരിച്ചറിയാൻ അത്ര ലോകപരിചയമൊന്നുമില്ലാത്ത ആ പെണ്‍കുട്ടിക്കു കഴിയാതെപോയി എന്നതാണ് യാഥാർഥ്യം.
ഇത് ഈ പെണ്‍കുട്ടിയുടെ മാത്രം കഥയല്ല, ദിനംപ്രതി കേരളം കേട്ടുകൊണ്ടിരിക്കുന്ന അനേകം കഥകളിൽ ഒന്നുമാത്രം.
അമ്മയുടെ വിലാപം
തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽനിന്നു മയക്കുമരുന്നു ലഭിച്ചെന്നു മാധ്യമങ്ങൾക്കു മുന്നിലെത്തി വിലപിച്ച ഒൻപതാം ക്ലാസുകാരിയുടെ അമ്മയുടെ ചിത്രം ഇനിയും മലയാളികൾ മറന്നിട്ടുണ്ടാവില്ല.
ഒാണ്‍ലൈൻ സുഹൃത്തുമായി മയക്കുമരുന്നിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കൗമാരക്കാരിയുടെ കൂസലില്ലായ്മയും നമുക്ക് എങ്ങനെ മറക്കാൻ കഴിയും?
ഏറ്റവുമൊടുവിൽ കേരളത്തെ ഞെട്ടിച്ച മറ്റൊരു വാർത്ത, വടകര കുഞ്ഞിപ്പള്ളി സ്വദേശിനിയായ എട്ടാം ക്ലാസുകാരിയെ ലഹരിസംഘം ലഹരിക്ക് അടിമയാക്കി മയക്കുമരുന്നു കടത്താൻ ഉപയോഗിച്ചു എന്നതാണ്.
കബഡി ടീമിലെ അംഗമായ തനിക്കു ഫിറ്റ്നസ് നിലനിർത്താൻ എന്ന പേരിൽ ലഹരി ചേർത്ത ബിസ്കറ്റ് നൽകിയാണ് പരിചയമുള്ള യുവതി ചതിച്ചതെന്നും ലഹരിസംഘം തന്റെ ശരീരത്തിൽ മയക്കുമരുന്നു കുത്തിവച്ചെന്നും ഈ എട്ടാം ക്ലാസുകാരി മാധ്യമങ്ങളോടു വെളിപ്പെടുത്തി.
ഒരുകാലത്തും ഇല്ലാത്ത രീതിയിൽ നമ്മുടെ പെണ്‍കുട്ടികളെ ലഹരിവലയിൽ വീഴിക്കാൻ എങ്ങനെയാണ് ലഹരിസംഘങ്ങൾക്കു കഴിഞ്ഞിട്ടുണ്ടാവുക?
ഇതു നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കാൻ പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി എത്രയധികമായിരിക്കും?
അന്വേഷിച്ചു ചെല്ലുന്പോൾ ചതിയുടെയും വഞ്ചനയുടെയും പ്രലോഭനത്തിന്റെയും പ്രണയക്കെണിയുടെയും അരക്ഷിത ജീവിതസാഹചര്യങ്ങളുടെയും ഇരുണ്ട ലോകമാണ് ഇതിനു പിന്നിൽ മറഞ്ഞിരിക്കുന്നതെന്നു കാണാം.
സമീപകാലത്തു പെണ്‍കുട്ടികൾ അറസ്റ്റിലായ ചില എംഡിഎംഎ കേസുകൾ
1. 2022 ഫെബ്രുവരിയിൽ കണ്ണൂർ മൊകേരിയിൽ എംഡിഎംഎയുമായി പാലേരി സ്വദേശിനി ശരണ്യ അറസ്റ്റിലായി.
2. 2022 ജൂലൈയിൽ അടൂരിൽനിന്നു കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന (23), അടൂർ സ്വദേശി രാഹുൽ (29), പള്ളിക്കൽ സ്വദേശി ആര്യൻ (21), പന്തളം സ്വദേശി വിധു കൃഷ്ണൻ (20), കൊടുമണ്‍ സ്വദേശി സജിൻ(20) എന്നിവർ 154 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായി.
3. 2022 ജൂലൈയിൽ കൊച്ചിയിൽ മുഹമ്മദ് താഹിർ ഹുസൈൻ (24), നവാൽ റഹ്മാൻ (23), സി.പി.സിറാജ് (24), തൃശൂർ സ്വദേശി അൽത്താഫ് (24), ചേർത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റ്യൻ (23) എന്നിവർ എംഡിഎംഎയും കഞ്ചാവുമായി പിടിയിലായി.
4. 2022 ഒാഗസ്റ്റിൽ മേപ്പാടി സ്വദേശിനി റഹീന (27) സുൽത്താൻ ബത്തേരിയിൽ ബസിൽനിന്ന് 5.55 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായി.
5. 2022 ഒാഗസ്റ്റിൽ തിരുവനന്തപുരത്ത് വാടകവീട്ടിൽനിന്ന് കണ്ണൂർ സ്വദേശി അഷ്കർ, തിരുവനന്തപുരം സ്വദേശി ഷാരോണ്‍, കൊടുവള്ളി സ്വദേശി ഫഹദ്, കടയ്ക്കാവൂർ സ്വദേശിനി സീന എന്നിവർ 74 ഗ്രാം എംഡിഎംഎയുമായി പിടിയിലായി.
6. 2022 ഒാഗസ്റ്റിൽ കൊല്ലം ചവറയിൽനിന്ന് കൊല്ലം പന്മന മിടാപ്പള്ളി സ്വദേശി ഹുസൈൻ (30), ചവറ സ്വദേശിനി ജോസ്ഫിൻ (27) എന്നിവർ എംഡിഎംഎയും കഞ്ചാവുമായി പിടിയിലായി.
7. 2022 സെപ്റ്റംബറിൽ ആലപ്പുഴയിൽ 140 ഗ്രാം എംഡിഎംഎ യുവാക്കളിൽനിന്നു പിടിച്ച കേസിൽ നെയ്യാറ്റിൻകര സ്വദേശി മിഥുൻ (24), ചേർത്തല സ്വദേശിനി അപർണ (19) എന്നിവർ ബംഗളൂരുവിൽ പിടിയിലായി.
8. 2022 ഒക്ടോബറിൽ കോഴിക്കോട് സൗത്ത് ബിച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27), അരീക്കോട് കാവന്നൂർ സ്വദേശിനി ശില്പ (22) എന്നിവർ എംഡിഎംഎയുമായി അറസ്റ്റിൽ.
9. 2022 ഒക്ടോബറിൽ തൃശൂർ കൊരട്ടിയിൽ എംഡിഎംഎ വിതരണം ചെയ്തുവന്ന കേസിൽ കൂർക്കഞ്ചേരി സ്വദേശി അജ്മൽ (23), വടക്കഞ്ചേരി സ്വദേശിനി പവിത്ര(25) എന്നിവർ അറസ്റ്റിലായി.
10. 2022 നവംബറിൽ 11 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ കൊളവല്ലൂർ സ്വദേശിനി ഹൃദ്യ(19), ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ആൽബിൻ (21), കോതമംഗംലം ഇഞ്ചത്തൊട്ടി സ്വദേശി നിഖിൽ (20) എന്നിവർ ആലപ്പുഴയിൽ പിടിയിലായി.
(തുടരും).