കണ്ണൂർ: ആദികടലായിയിലെ അബ്ദുൾ റൗഫ് എന്ന കട്ട റൗഫ് (29) വെട്ടേറ്റുമരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സിഐ സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
സിറ്റിയിലും പരിസര പ്രദേശങ്ങളിലും പ്രതികൾക്കായി വ്യാപക തെരച്ചിൽ നടത്തി. ഇന്നലെ രാത്രി 8.30ഓടെ തുടങ്ങിയ റെയ്ഡ് പുലർച്ചെവരെ നീണ്ടു. എസ്ഡിപിഐ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്തതായി ഡിവൈഎസ്പി പറഞ്ഞു. അതിനിടെ, കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. കണ്ണൂർ സിറ്റി സ്വദേശിയെയാണ് ഇന്നു പുലർച്ചെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
2016 ൽ കണ്ണൂർ സിറ്റിയിൽ എസ്ഡിപിഐ പ്രവർത്തകൻ ഐറ്റാണ്ടി പൂവളപ്പ് സ്വദേശി ഫാറൂഖിനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റൗഫ്. ഈ കൊലപാതകത്തിലുള്ള പകവീട്ടലാണോ റൗഫിന്റെ കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ആ ദിശയിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റു ശത്രുതകൾ ഉണ്ടായിരുന്നതായി പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. സിറ്റിയിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ, ഡിവൈഎസ്പി പി.പി. സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.