കാബൂൾ/ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സിക്ക് ഗുരുദ്വാരയ്ക്കു നേരേയുണ്ടായ ഐഎസ് ഭീകരാക്രമണത്തിൽ സിക്ക് പൗരനുൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു.
മൂന്നു ഭീകരരെ സുരക്ഷാഭടന്മാർ വധിച്ചു. ആക്രമണത്തിലും തുടർന്ന് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിലുമായി ഏഴുപേർക്കു പേർക്കു പരിക്കേറ്റു.
കാബൂളിലെ കർത്തെ പർവാൻ പ്രവിശ്യയിൽ ശനിയാഴ്ച രാവിലെയാണ് ഗുരുദ്വാരയ്ക്കുനേരേ ആക്രമണമുണ്ടായത്.
തോക്കുമായെത്തിയ ഭീകരർ ആദ്യം ഗുരുദ്വാരയുടെ കവാടത്തിലേക്കു ഗ്രനേഡ് എറിയുകയായിരുന്നു.
രണ്ടുതവണ സ്ഫോടനശബ്ദവും പിന്നീടു വെടിയൊച്ചയും കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഗുരുദ്വാരയ്ക്കുള്ളിലേക്ക് എത്തുന്നതിനു മുന്പേ തടയാൻ കഴിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി.
ഭീകരരും താലിബാൻ പോരാളികളും മണിക്കൂറുകളോളം ഏറ്റുമുട്ടിയതായി താലിബാൻ നിയോഗിച്ച ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു.
ആക്രമണത്തിനെത്തിയവരെ വധിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിലെ ഹിന്ദു-സിക്ക് വിഭാഗക്കാരുടെ ശക്തികേന്ദ്രമാണ് കർത്തെപർവാൻ പ്രവിശ്യ. മുപ്പതോളം പേരാണ് ആക്രമണസമയത്തു ഗുരുദ്വാരയിലുണ്ടായിരുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഖൊറാസാൻ പ്രവിശ്യാ ഐഎസ് ഭീകരരാണു പിന്നിലെന്നാണു സൂചനകൾ.
രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങൾക്കുനേരേ സമീപനാളുകളിൽ ഒട്ടേറെ ആക്രമണങ്ങളാണ് ഇവർ നടത്തിയത്.
ആക്രമണത്തെ ഡൽഹിയിൽ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ശക്തമായി അപലപിച്ചു. സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ആക്രമണത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മാൻ ഉൾപ്പെടെയുള്ള പ്രമുഖരും അപലപിച്ചു. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഭഗ്വന്ത് മൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.