കരുനാഗപ്പള്ളി :തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ കണ്ടൽ ശേഖരമായ ആയിരംതെങ്ങ് കാട്ടുകണ്ടത്തിനു സമീപം പ്രതീക്ഷയുണർത്തി മറ്റൊരു കണ്ടൽ വനവും വളരുന്നു. ആലപ്പാട് പഞ്ചായത്തിൽ ഫിഷിംഗ് ഹാർബറിനു സമീപമുള്ള നാല് ഏക്കറോളം വരുന്ന കായലിനും കടലിനും ഇടയ്ക്കുള്ള സ്ഥലത്ത് രണ്ടര ഏക്കറോളം വരുന്ന ഭാഗത്താണ് കണ്ടൽ വനം വളരുന്നത്.
കായംകുളം കായലിലെ മത്സ്യസമ്പത്തിന്റെ ആവാസവ്യവസ്ഥയയുടെ വളർച്ചയ്ക്ക് ഈ കണ്ടൽ വനം വലിയ സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ഇതിൽ പകുതിയോളം ഭാഗം ജലാശയമാണ്. ബാക്കിയുള്ള ഭാഗത്ത് കണ്ടലുകൾ പതിനഞ്ചു വർഷമായി വളരുന്നുണ്ടായിരുന്നെങ്കിലും നിബിഢവനമായി മാറിയത് അടുത്ത കാലത്താണ്.
പ്രധാനമായും നാലിനം കണ്ടലുകളാണ് ഇവിടെ കണ്ടു വരുന്നത്. തീക്കണ്ടൽ, മുപ്പട്ടികണ്ടൽ,ചെറുകണ്ടൽ, പ്രാന്തൻ കണ്ടൽ എന്നിവയാണ് ഇവിടെ തഴച്ചുവളരുന്നത്. രാജാക്കൻമാരുടെ ഭരണകാലത്ത് തന്നെ കൃഷി വകുപ്പിന്റെ കീഴിലായിരുന്നു ഈ സ്ഥലം.1975നുശേഷം കൃഷി വകുപ്പിൽ നിന്നും ഫിഷറീസ് വകുപ്പിനു വിട്ടുകിട്ടിയിരുന്നു.
എന്നാൽ ഏറെ നാളായി വകുപ്പിന്റെതന്നെ വേണ്ടത്ര ശ്രദ്ധയില്ലാത്ത കാരണത്താൽ കയ്യേറ്റത്തിലൂടെയും മറ്റും ഒട്ടേറെ സ്ഥലം നഷ്ടമായി. എൽ ഡി എഫ് സർക്കാർ വന്നതിനു ശേഷം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നേരിട്ട് സ്ഥലം സന്ദർശിച്ച് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു.
ഇതേ തുടർന്ന് സ്ഥലത്തിന്റെ അതിർത്തികൾ പൂർണ്ണമായി നിർണ്ണയിക്കുന്നതിനുള്ള ശ്രമത്തിലാണ് ഫിഷറീസ് വകുപ്പ്.കണ്ടൽ കാടിന്റെ സംരക്ഷണവും ഇതോടൊപ്പമുള്ള ജലാശയത്തിൽ മത്സ്യകൃഷി തുടങ്ങുന്നതിനുള്ള പദ്ധതിക്കും തുടക്കമായി കഴിഞ്ഞു.കൂട് മത്സ്യകൃഷിയാണ് ഇവിടെ തുടങ്ങാൻ ഉദ്ദേശിക്കുന്നത്.ഇതിനായി ജലാശയത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നതും ബണ്ട് ബലപ്പെടുത്തുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.
ഒരു കോടി അറുപത് ലക്ഷം രൂപയോളം വരുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിനു കിഴക്കുഭാഗത്തായി ആയിരംതെങ്ങിൽ സ്ഥിതി ചെയ്യുന്ന ഫിഷ് ഫാം ഇപ്പോൾ മത്സ്യകർഷകരുടെ പരിശീലന കേന്ദ്രമെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഫിഷ്ഫാം ഉൾപ്പടെ അൻപത്തി രണ്ട് ഏക്കർ സ്ഥലത്തു തന്നെയാണ് കാട്ടുകണ്ടം കണ്ടൽ വനവും സ്ഥിതി ചെയ്യുന്നത്.
ഇതിനകം തന്നെ നിരവധി ഗവേഷണ വിദ്യാർത്ഥികളെ ആകർഷിച്ചു കഴിഞ്ഞ ഈ കണ്ടൽ പ്രദേശത്തെ പുതിയ വനവും പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക് സഹായകമാവും. ഒപ്പം പ്രകൃതിദത്തമായ ഒടുങ്ങാത്ത ജൈവ കലവറയുടെ സംരക്ഷണ കേന്ദ്രമായി മാറും എന്ന പ്രതീക്ഷയിലാണ്.