പാപ്പിനിശേരി: ജില്ലയിലെ സമ്പുഷ്ടമായ കണ്ടൽ വനമേഖലകളിലൊന്നായ പാപ്പിനിശേരി തുരുത്തിയിലും ചുങ്കത്തും കണ്ടൽക്കാട് നശിപ്പിക്കൽ വീണ്ടും. പത്ത് ഏക്കറോളം സ്ഥലത്തെ വൻ കണ്ടൽമരങ്ങളാണ് മുറിച്ചുനീക്കിയശേഷം ഭൂമി കൈയേറ്റം നടക്കുന്നത്. പ്രദേശത്ത് നൂറുകണക്കിന് ഹെക്ടർ സ്ഥലത്ത് സമ്പുഷ്ടമായി കണ്ടൽക്കാടുകൾ ഏതാനും വർഷം മുന്പു വരെ ഉണ്ടായിരുന്നു.
എന്നാൽ, പഞ്ചായത്ത് തന്നെ കണ്ടൽ വനമേഖല വെട്ടിനിരത്തി റോഡു നിർമിച്ചതോടെയാണ് കണ്ടൽനശീകരണത്തിന് ആക്കം കൂട്ടിയത്. ഇപ്പോൾ തുരുത്തിയിൽ നിന്നും വനത്തിലൂടെ നിർമിച്ച റോഡിന്റെ ഇരുവശത്തും മാലിന്യംതള്ളൽ, കണ്ടൽവെട്ടി മണ്ണിട്ട് നികത്തൽ, വനനശീകരണം എന്നിവ തകൃതിയായി നടക്കുകയാണ്.റവന്യുവകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനം ചെലുത്തി ഭൂനികുതിയും ഒടുക്കാൻ തുടങ്ങിയതിനാൽ പഞ്ചായത്തിന് പരിമിതികളുണ്ടെന്ന് ഒരുവിഭാഗം പറയുന്നു.കല്ലിട്ട് അതിർത്തി തിരിച്ചനിലയിലാണ്.
ആഴ്ചകളായി കണ്ടലുകൾ വ്യാപകമായി വെട്ടിനശിപ്പിച്ചിട്ടും റവന്യൂ, പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ലോകമെങ്ങും അംഗീകരിച്ച കാലഘട്ടത്തിൽ പാപ്പിനിശേരിയിൽ നടക്കുന്ന നശീകരണത്തിനെതിരേ നിയമങ്ങൾ നടപ്പാക്കേണ്ട അധികൃതർ ഇക്കാര്യത്തിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൾ തുറന്നുകാട്ടുമെന്ന് നാട്ടുകാർ പറഞ്ഞു.വേലിയേറ്റം തുടങ്ങുന്നതോടെ കണ്ടലുകൾക്കിടയിൽ പുഴവെള്ളം നിറയുമ്പോൾ പുതിയ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.