തൃക്കരിപ്പൂർ: കായലിന് ശ്വാസവായു നൽകുന്നവയായി കരുതപ്പെടുന്ന കണ്ടലുകൾ നട്ടു സംരക്ഷിക്കുന്നതിൽ ഇടയിലെക്കാട്ടിലെ മൽസ്യതൊഴിലാളി ഒ. രാജന്റെ പ്രവർത്തി വേറിട്ടതാണ്. കവ്വായിക്കായലോരത്ത് ഒരു കിലോമീറ്റർ നീളത്തിലാണ് കണ്ടൽ വിത്തുകൾ മുളപ്പിച്ച് നട്ട് പിടിപ്പിച്ചത്.
ഈ ആഴ്ചയോടെ 1000 കണ്ടലുകൾ നട്ട് പരിപാലിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. കവ്വായിക്കായലിനോട് ചേർന്നുള്ള ഇടയിലെക്കാട് തുരുത്തിന് കാവലായി കണ്ടലുകൾ വെച്ചുപിടിപ്പിച്ച് മാതൃക പകരുകയാണ് അമ്പത്തിയാറുകാരനായ മൽസ്യബന്ധന തൊഴിലാളി.
ഇടയിലെക്കാട് തെക്കെ മുനമ്പിന് വടക്കുകിഴക്ക് ഭാഗത്തായി ഒരു കിലോമീറ്റർ നീളത്തിലാണ് കായലോരത്ത് കണ്ടൽ വിത്തുകൾ നട്ടുമുളപ്പിച്ചത്. ഈ വർഷം ജൂൺ അഞ്ചിന്റെ പരിസ്ഥിതി ദിനത്തിലാണ് കണ്ടൽവൽക്കരണത്തിന് തുടക്കമിട്ടത്. നട്ടവിത്തുകൾ ഓളങ്ങളിൽപ്പെട്ട് ഒഴുകിപ്പോകാതിരിക്കാൻ ഓലമടൽ കൊണ്ട് സംരക്ഷണ കവചവുമൊരുക്കി.
മത്സ്യ ബന്ധനത്തിനായി തോണിയിൽ പോകും വഴി ദിവസവും ഇവയെ പരിപാലിച്ചു വരുന്നുമുണ്ട്. മൽസ്യങ്ങൾ ഉൾപ്പെടെയുള്ള കായൽ ജീവികൾക്ക് പ്രജനത്തിനും ആവാസ വ്യവസ്ഥിതിക്കും കണ്ടൽ കാടുകൾ അത്യന്താപേഷിതമാണ്. കവ്വായി കായലിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഭ്രാന്തൻ കണ്ടലിന്റെ വിത്തുകൾ ശേഖരിച്ചത്.
700 കണ്ടലുകൾ നട്ട ശേഷം ആയിരം കണ്ടലുകൾ എന്ന ലക്ഷ്യം തികയ്ക്കാനായി ശ്രമം. കണ്ടൽ വനവൽകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം പ്രവർത്തകരോട് 300 കണ്ടലുകൾ ആവശ്യപ്പെട്ടപ്പോൾ അവരും കായലിൽ കണ്ടലുകൾ വെച്ചുപിടിപ്പിക്കുന്ന ഡി. നിതിനും ചേർന്ന് അവ രണ്ടു ദിവസത്തിനകം തന്നെ ശേഖരിച്ചു നൽകി. കായലിന്റെ പാരിസ്ഥിതിക സന്തുലനം നിലനിർത്താൻ ഇനിയും കണ്ടലുകൾ നടാൻ തന്നെയാണ് രാജന്റെ തീരുമാനം.