കൊച്ചി: കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗന്, മകന് അഖില്‍ജിത്ത് എന്നിവരെ ഇന്ന് ഇഡി വീണ്ടും ചോദ്യം ചെയ്യും.
രാവിലെ 10.30 ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ബാങ്കുമായി ബന്ധപ്പെട്ട് നടന്ന ലോണ്‍ ഇടപാടുകളുടെ രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസം എട്ടു മണിക്കൂര്‍ ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. ഭാസുരാംഗന് പ്രസിഡന്റായിരുന്ന കണ്ടല ബാങ്കില്‍ 101 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിലാണ് ഇഡി അന്വേഷണം.
കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.
കണ്ടലയില്‍ പിടിമുറുക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഭാസുരാംഗന്റെ മകന് അഖില്‍ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളര്‍ച്ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്.
കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി എന്‍. ഭാസുരാംഗനാണ് ബാങ്ക് പ്രസിഡന്റ്. അടുത്തിടെ ഭരണ സമിതി രാജിവച്ചതിനെ തുടര്‍ന്ന് ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ്. ഇഡിയുടെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാസുരാംഗനെ സിപിഐയില്‍നിന്ന് പുറത്താക്കിയിരുന്നു.