കൊച്ചി: തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കില്‍ 101 കോടി രൂപയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ കസ്റ്റഡിയിലുള്ള ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ എന്‍. ഭാസുരാംഗനെയും മകന് അഖില്‍ജിത്തിനെയും ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. മൂന്ന് ദിവസത്തേക്കാണ് കൊച്ചി പിഎംഎല്‍എ കോടതി പ്രതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടത്.
ഭാസുരാംഗന് ബിനാമി അക്കൗണ്ട് വഴി കോടികള്‍ തട്ടിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 51 കോടി രൂപയാണ് ബെനാമി അക്കൗണ്ട് വഴി ലോണായി എടുത്തിരിക്കുന്നത്.
അജിത് കുമാര്‍, ശ്രീജിത് തുടങ്ങിയ പേരിലാണ് ലോണ്‍ തട്ടിയത്. തിരിച്ചടവ് മുടങ്ങിയ ഈ ലോണ്‍ വിവരം മറച്ചുവച്ചു. വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
കുടുംബാംഗങ്ങളുടെ പേരിലും ലോണ്‍ തട്ടി
ഭാസുരാംഗന് കുടുംബങ്ങളുടെ പേരിലും ലോണ്‍ തട്ടിയെന്നും അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം. രണ്ടു കോടി 34 ലക്ഷം രൂപയാണ് കുടുംബങ്ങളുടെ പേരില്‍ ബാങ്കില്‍ നിന്ന് എടുത്തത്.
ഒരേ വസ്തു ഒന്നിലേറെ തവണ ലോണിന് ഈടാക്കിവച്ചാണ് തട്ടിപ്പ് നടത്തിയത്. ഭാസുരാംഗന്റെ മകന് അഖില്‍ ജിത്തും ലോണ്‍ തട്ടി. 74 ലക്ഷം രൂപ അഖില്‍ ജിത്ത് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തുവെന്നാണ് ഇഡിയുടെ കണ്ടെത്തില്‍. ഒരേ വസ്തു ഒന്നിലേറെ ലോണിനായി ഈടാക്കി വച്ചാണ് ലോണ്‍ എടുത്തത്. അഖില്‍ ജിത്തിന് വാര്‍ഷിക വരുമാനം 10 ലക്ഷം മാത്രമാണെന്ന് ഇ ഡി പറയുന്നു.
കരുവന്നൂര്‍ മാതൃകയിലാണ് തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയത് എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. ക്രമരഹിതമായി വായ്പകള്‍ നല്കി.
നിക്ഷേപങ്ങള്‍ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടിയെന്നും ഇ ഡി ചൂണ്ടിക്കാട്ടി. 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നേരത്തെ കണ്ടെത്തിയത്. എന്നാല്‍ 200 കോടി രൂപയിലേറെ തട്ടിയെന്നാണ് ഇ ഡിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
മൂന്ന് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇഡി കോടതിയില്‍ ബോധിപ്പിച്ചു. പ്രതികള്‍ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. ഭാസുരാംഗന് ഭരണകക്ഷിയില്‍ സ്വാധീനമുള്ള നേതാവാണ്.
പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ കസ്റ്റഡി അനിവാര്യമാണെന്നായിരുന്നു ഇഡി ആവശ്യം. കസ്റ്റഡി അപേക്ഷയെ എതിര്‍ക്കുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
കണ്ടല ബാങ്കില്‍ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. അറസ്റ്റിലായ എന്‍. ഭാസുരാംഗനും മകന് അഖില്‍ജിത്തിനും തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നും ഉന്നത നേതാക്കള്‍ വഴിവിട്ട വായ്പക്കായി ഇടപെട്ടുവെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.