പയ്യന്നൂര്‍: ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ പെട്രോളിയം കമ്പനികളുടെ പെട്രോളിയം സംഭരണശാലയ്ക്കായി കണ്ടങ്കാളിയിലെ വയല്‍ വിട്ടുകൊടുക്കുന്നതിനെതിരെ സിപിഎമ്മും. അമേരിക്കയിലെ കുത്തക പെട്രോളിയം ഭീമൻമാർക്ക് ബിപിസിഎല്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിലൂടെ പദ്ധതിക്കായി ഏറ്റെടുക്കുന്ന തലോത്ത് വയല്‍ അമേരിക്കയുടെ കൈയിലെത്തുന്നതിനെതിരെ സിപിഎം രംഗത്തെത്തുമെന്നാണ് സൂചന.
നേവല്‍ അക്കാഡമിയും എഫ്സിഐ ഗോഡൗണും ജനങ്ങളുടെ സഹകരണത്തോടെ സ്ഥാപിക്കപ്പെട്ടുവെങ്കിലും ഇതുമൂലമുള്ള പ്രയാസങ്ങള്‍ ഇപ്പോഴും ജനങ്ങള്‍ അനുഭവിക്കുകയാണ്. ഏത് പദ്ധതി വരുമ്പോഴും ചെറിയ ബുദ്ധിമുട്ടുകളുണ്ടാകുമെന്നതിനാലും പെട്രോളിയം സംഭരണ പദ്ധതികൊണ്ട് നാടിന് വികസനമുണ്ടാകുമെങ്കില് എതിര് നില്‍ക്കേണ്ടതില്ല എന്ന നയമാണ് സിപിഎമ്മും ഘടക കക്ഷികളും സ്വീകരിച്ചിരുന്നത്.
ഇക്കാര്യം പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നതുമാണ്.അതുകൊണ്ട് തന്നെ പദ്ധതിക്കനുകൂലമായ സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമായിരുന്നു.അതിനിടയിലാണ് അമേരിക്കയിലെ വന്‍കിട എണ്ണക്കമ്പനിയായ എക്സോണ്‍ മൊബീലിന് ബിപിസിഎല്ലില്‍ കേന്ദ്ര സര്‍ക്കാരിനുള്ള 53.29 ശതമാനം ഓഹരികള്‍ 60,000 കോടി രൂപക്ക് വില്‍ക്കുന്നതിന് സെക്രട്ടറിതല സമിതി തീരുമാനമെടുത്തതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.
ഇതോടെയാണ് സിപിഎം സ്വീകരിച്ചുവന്ന നയം പുനഃപരിശോധനാ വിഷയമായതെന്നാണ് അറിയുന്നത്.ബിപിസിഎല്ലിന്റെ കൈമാറ്റത്തിലൂടെ തലോത്ത് വയല്‍ അമേരിക്കയുടെ കൈകളിലെത്തുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന അഭിപ്രായവും ഉയര്‍ന്നതിനാല്‍ പെട്രോളിയം സംഭരണ പദ്ധതിയുടെ കാര്യത്തില്‍ പാര്‍ട്ടി സ്വീകരിച്ചുവന്ന നിലപാടുകള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.ചില ബഹുജന സംഘടനകളുടെ ഏരിയ സമ്മേളനങ്ങളിലും ഇക്കാര്യം സജീവ ചര്ച്ചയായുര്ന്നിരുന്നു.
കൂടാതെ കഴിഞ്ഞ പ്രളയത്തില്‍ പദ്ധതി പ്രദേശമായ തലോത്ത് വയലില്‍ ഒന്നര മീറ്ററോളം വെള്ളമുയരുകയും സമീപത്തെ വീടുകളെ മാറ്റിത്താമസിപ്പിക്കേണ്ട അവസ്ഥയുമുണ്ടായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പാര്‍ട്ടി സ്വീകരിച്ചുവന്ന നയം പുനഃപരിശോധിക്കുവാന്‍ തീരുമാനിച്ചതെന്നാണ് സൂചന.2018 ഫെബ്രുവരി 10ന് സിപിഎം പയ്യന്നൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി ജനജീവിതം പ്രതിസന്ധിയിലാക്കുന്ന ഈ പദ്ധതി ഉപേക്ഷിക്കണമെന്ന് വസ്തുതകള്‍ നിരത്തി മൂന്ന് പേജുള്ള നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഈ നിവേദനത്തില്‍ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവില്‍ അന്വേഷണമോ നടപടിയോ എടുക്കാതെയാണ് എണ്ണസംഭരണശാലയ്ക്കായി 85 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ റവന്യൂ വകുപ്പ് കണ്ണൂര്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നത്.ഇതിനിടയിലാണ് കൊച്ചി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് വിഭാഗത്തെ വ്യവസായ വകുപ്പ് സര്‍വേക്കായി നിയോഗിച്ചത്.
മുഖ്യമന്ത്രിയറിയാതെ വ്യവസായ വകുപ്പിലേയും റവന്യൂ വകുപ്പിലേയും ഉദ്യോഗസ്ഥര്‍ എണ്ണക്കമ്പനികള്‍ക്ക് വേണ്ടി ചരടുവലികള്‍ നടത്തുന്നുവെന്ന ആക്ഷേപവും ഇതോടെ ഉയര്‍ന്നിരുന്നു.നിര്‍ദ്ദിഷ്ട പെട്രോളിയം സംഭരണ പദ്ധതി പ്രദേശത്തെ മുപ്പത് ഏക്കറോളം സ്ഥലങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ മൂന്‍കൂട്ടി വാങ്ങിയിട്ടിരുന്നതിനാല് ഏത് വിധേനയും പദ്ധതി തലോത്ത് വയലില്‍തന്നെ കൊണ്ടുവരുന്നതിനുള്ള സമ്മര്‍ദ്ദങ്ങളുമുണ്ടായിരുന്നു.ഈ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നുള്ള അണിയറ നീക്കങ്ങളെ നിഷ്പ്രഭമാക്കുന്ന നിലപാടാണ് പുതിയ നയത്തിലൂടെ സിപിഎം സ്വീകരിക്കുന്നത്.