പയ്യന്നൂര്‍:എണ്ണയധിഷ്ടിത സമ്പദ്ഘടനക്ക് 20 വര്‍ഷത്തിനപ്പുറം ആയുസില്ലെന്നും കണ്ടങ്കാളി എണ്ണ സംഭരണ പദ്ധതി തികച്ചും അശാസ്ത്രീയമായ വികസന പരിപാടിയാണെന്നും സുസ്ഥിര ഊര്‍ജ വിദഗ്ധനും ഹരിത നിരൂപകനുമായ ജി.മധുസൂദനന്. നിര്‍ദിഷ്ട പദ്ധതി പ്രദേശമായ കണ്ടങ്കാളി തലോത്ത് വയല്‍ സന്ദര്‍ശിച്ച ശേഷം പദ്ധതിക്കെതിരെ നടക്കുന്ന സത്യഗ്രഹ സമരത്തെ അഭിവാദ്യം ചെയ്ത് സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2040 ന് ശേഷം നമുക്ക് വീണ്ടും കൃഷിയധിഷ്ടിത വ്യവസായത്തിലേക്ക് തിരിച്ചു പോകേണ്ടി വരും. ആഗോള താപനത്തിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനവും പ്രളയവും ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ മറികടക്കാന്‍ നവകേരളത്തോടൊപ്പം പ്രകൃതിയുടെ തനിമയും തിരിച്ചുപിടിക്കാന്‍ നമുക്കാകണം. ഇങ്ങനെ തന്നെ മുന്നോട്ട് പോയാല്‍ ഭാവി ജീവിതം അരക്ഷിതമാകും.പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള വികസനത്തിനു വേണ്ടിയുള്ള തിരുത്തല്‍ ശക്തിയാകാന്‍ ജനങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. ഇ.ഉണ്ണിക്കൃഷ്ണന്, മണി രാജ് വട്ടക്കൊവ്വല്‍, മാടക്ക ജാനകി, എം.കമല, പത്മിനി കണ്ടങ്കാളി, റോസ ലൂക്കോസ് തുടങ്ങി സമര പ്രവര്‍ത്തകര്‍ തലോത്ത് വയലില്‍ അദ്ദേഹത്തെ സ്വീകരിച്ചു.അനിശ്ചിതകാല സത്യഗ്രഹ സമരം 76-ാം ദിവസവും തുടരുകയാണ്.