പരിയാരം:കണ്ടോന്താറിലെ ചരിത്രസ്മാരകം ഇനി കേരളചരിത്രത്തിന്റെ ഭാഗം. കടന്നപ്പള്ളി കണ്ടോന്താറിലെ ഒറ്റമുറി ജയില്‍ ചരിത്രസ്മാരകമാക്കിയതിന്റെ ഉദ്ഘാടനം ഒന്‍പതിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിർവഹിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. പി.കരുണാകരന് എംപി മുഖ്യാതിഥിയായി പങ്കെടുക്കും.
മന്ത്രിയായി ചുമതലയേറ്റശേഷം നാട്ടില്‍ ആദ്യമായി എത്തിയ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കോണ്‍ഗ്രസ്-എസ് കല്യാശേരി മണ്ഡലം പ്രസിഡന്റ് ടി.രാജന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് 150 വര്‍ഷത്തിലേറെ പഴക്കമുള്ള കണ്ടോന്താര്‍ ജയില്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാക്കി പ്രഖ്യാപനം നടത്തിയത്.
സ്മാരകമായി സംരക്ഷിക്കാന്‍ സംസ്ഥാന പുരാവസ്തു വകുപ്പ് 19.5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തകര്‍ന്ന് കിടന്ന കെട്ടിടം ശാസ്ത്രീയമായ രീതിയിലാണ് പുനര്‍നിര്‍മ്മിച്ചത്. 11 സെന്റ് സ്ഥലമുള്ള ജയില്‍ വളപ്പില്‍ പുരാവസ്തു മ്യൂസിയം കൂടി സ്ഥാപിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.
സ്വാതന്ത്ര്യ സമരകാലത്ത് തടവുകാരെ കിരാതമായ മര്‍ദനമുറകള്‍ക്ക് വിധേയമാക്കിയിരുന്ന ഒറ്റ സെല്ലുള്ള ജയിലാണിത്. കെട്ടിയിട്ട് മര്‍ദിച്ചിരുന്ന മുക്കാലി കുറച്ചുകാലം മുമ്പുവരെ ഇവിടെ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മലയോര പ്രദേശങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യസമര ഭടന്മാരെ അറസ്റ്റുചെയ്താല്‍ വണ്ണാത്തിപ്പുഴയ്ക്ക് പാലമില്ലാത്തതിനാല്‍ പെരുമ്പയില്‍നിന്ന് തോണി വഴിയെത്തിയാണ് പയ്യന്നൂര്‍ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചിരുന്നത്.
മജിസ്ട്രേറ്റ് ആഴ്ചയില്‍ ഒരു ദിവസം മാത്രമേ വരികയുള്ളൂ. അതുവരെ തടവുകാരെ പാര്‍പ്പിച്ചത് ഈ ജയിലിലായിരുന്നു. ശിക്ഷ വിധിക്കുന്ന തടവുകാരെ ഇവിടെനിന്നും തളിപ്പറമ്പ് താലൂക്ക് കച്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജയിലിലേക്ക് മാറ്റും. പുനര്‍നിര്‍മിച്ച ജയില്‍ കെട്ടിടം പുരാവസ്തുവകുപ്പിന്റെ കെയര്‍ടേക്കറുടെ നിയന്ത്രണത്തിലായിരിക്കും.