പത്തനംതിട്ട: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ ചെയ്തതിൽ വിശദീകരണം നൽകുന്നതിനു തന്ത്രിക്ക് സാവകാശം നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. രണ്ടാഴ്ച നൽകാനാണ് തീരുമാനം. നേരത്തെ ബോർഡ് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കൂടുതൽ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യം പരിഗണിച്ചാണു നടപടി.
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബിന്ദുവും കനകദുർഗയും ക്ഷേത്രദർശനം നടത്തിയതിനു പിന്നാലെയാണു തന്ത്രി നടയടച്ച് ശുദ്ധിക്രിയ ചെയ്തത്.ശബരിമല ക്ഷേത്ര നട അടച്ച തന്ത്രി കണ്ഠരര് രാജീവരുടെ നടപടി ദേവസ്വം ബോർഡുമായി ആലോചിക്കാതെയാണെന്നു കമ്മീഷണർ എൻ. വാസു റിപ്പോർട്ട് നൽകിയിരുന്നു.
സുപ്രീംകോടതി ഉത്തരവു നിലനിൽക്കെ യുവതികൾ ദർശനം നടത്തിയെന്ന പേരിൽ നട അടച്ചു ശുദ്ധിക്രിയകൾ നടത്തിയതു കോടതിവിധിയോടുള്ള അവഹേളനമാണെന്നു റിപ്പോർട്ടിൽ പറയുന്നു. തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് എതിരാണെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും നിലപാടെടുത്തിരുന്നു.
ദേവസ്വം ബോർഡിന്റെ നോട്ടീസിനു മറുപടി നൽകുന്നതുമായി ബന്ധപ്പെട്ട് തന്ത്രി നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നാണ് വിവരം. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നടക്കമാണ് തന്ത്രി ഉപദേശം തേടുന്നത്.