ഏ.ജെ. വിൻസൻ
കണ്ടശാംകടവ്: സംരക്ഷിക്കാൻ ആരുമില്ലാതെ നാഥനില്ലാതെ ഒരു കോടിയിലേറെ ചെലവിട്ട് നിർമിച്ച കണ്ടശാംകടവ് ബോട്ട് ജെട്ടിയും പവലിയിനും നാശത്തിന്റെ വക്കിൽ. കണ്ടശാംകടവ് ജലോത്സവം നടക്കുന്ന ഒരു മാസം മാത്രമാണ് ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നത്. അതുകഴിഞ്ഞാൽ പവലിയനും ബോട്ട് ജെട്ടിയും സംരക്ഷിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല, വകുപ്പ് തല നടപടികൾ ഏകോപിപ്പിക്കാൻ ഉടമസ്ഥവകാശം മണലൂർ ഗ്രാമ പഞ്ചായത്തിനെ ഏല്പിക്കുന്നുമില്ല.
കുട്ടികളുടെ പാർക്കിന്റെ അതിർത്തി തറയ്ക്ക് അരികിലൂടെ നടന്നാൽ കാൽ തെറ്റി വീഴും, മണ്ണും കോണ്ക്രീറ്റും കാനോലി കനാലിലേക്ക് ഇടിയുകയാണ്. രാത്രിയായാൽ കഞ്ചാവ് വില്പനക്കാരുടെയും, മദ്യപാനികളുടെയും താവളമാണ് പവലിയൻ. കണ്ട ശാംകടവ് ബോട്ട് ജെട്ടിയിൽ കുട്ടികളുടെ പാർക്ക് പണിത് ഒരു വർഷമാകുന്പോഴേക്കും പാർക്കിന്റെ വടക്കേ ഭാഗത്ത് വലിയ ഗർത്തങ്ങളായി.
എപ്പോൾ വേണമെങ്കിലും ഈ അതിർത്തി തറ കാനോലി കനാലിലേക്ക് മറിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്. സമീപത്ത് പണിത ടോയലെറ്റുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. പാർക്കിലെ ഗർത്തത്തിന് മുകളിൽ കാൽ തെറ്റി ആരും വീഴാതിരിക്കാൻ കോണ്ക്രീറ്റ് കഷണങ്ങൾ വെറുതെ വെച്ചിരിക്കുകയാണ്. ബോട്ട് ജെട്ടി യുടെ വടക്കേ ഭാഗത്ത് പണിത അതിർത്തി തറയുടെ ഭാഗത്ത് ഉടനീളം ഇത്തരത്തിലുള്ള ഗർത്തങ്ങളാണ്. രണ്ട് വർഷം മുന്പ് ഉദ്ഘാടനം ചെയ്ത പവലിയിനിലെ കടമുറികളും ഇത് വരെ വാടകക്ക് നൽകിയിട്ടില്ല.
കോടികൾ ചെലവഴിച്ച് പണിത കണ്ടശാംകടവ് ബോട്ട് ജെട്ടിയും പവലിയനും കടമുറികളും ഇത് വരെ മണലൂർ ഗ്രാമപഞ്ചായത്തിന് ഇറിഗേഷൻ വകുപ്പ് കൈമാറിയിട്ടില്ല. 2016 സെപ്റ്റംബർ 4ന് ടൂറിസം മന്ത്രിയായിരുന്ന എ.സി. മൊയ്തീനാണ് പവലിയനും പാർക്കും ഉദ്ഘാടനം ചെയ്തത്. ഇവയുടെ പാലനത്തിന് ഇറിഗേഷൻ വകുപ്പിൽ നിന്ന് ഇത് കൈമാറിക്കിട്ടാൻ ജി ല്ലാ കളക്ടർക്ക് മണലൂർ ഗ്രാമപഞ്ചായത്ത് നിവേദനവും നൽകിയിരുന്നു.
എന്നാൽ രണ്ട് വർഷമായിട്ടും കൈമാറ്റം നടന്നില്ല. ശരിയായി പാലക്കാൻ പോലും യഥാസമയം ഇറിഗേഷൻ വകുപ്പുകാർ നടത്തുന്നില്ല. പവലിയിനിലെ നാല്കടമുറികൾ വാടകയ്ക്ക് നൽകാനോ തയ്യാറായില്ല. മണലൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ബോട്ട് ജെട്ടി പരിസരം പുല്ല് വെട്ടിക്കളഞ്ഞ് ശുചീകരിച്ചു. പവലിയന് ചുറ്റുമുള്ള വിളക്കുകൾ പ്രകാശിപ്പിച്ചു.രണ്ടോണനാളിൽ നടക്കുന്ന പ്രസിദ്ധമായ കണ്ട ശാം കടവ് ജലോത്സവത്തിന് വേണ്ടി ജലോത്സവ കമ്മിറ്റിയാണ് ഇതിന് മുൻകൈയെടുത്തത്.
പി. എ. മാധവൻ എം.എൽ.എ യായിരിക്കുന്പോൾ ഒരു കോടി പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് പവലിയനും ബോട്ട് ജെട്ടിയിലെ കുട്ടികളുടെ പാർക്കും പണിതത്. രണ്ടാം ഘട്ട മായി തെക്കേ ഭാഗത്ത് ഓഡിറ്റോറിയ മടക്കമുള്ള കണ്വെൻഷൻ സെന്റർ ഒരു കോടി 90 ലക്ഷം രൂപ ചെലവഴിച്ച് പണിയാനും തീരുമാനിച്ചു. എന്നാൽ വർഷം മൂന്നായിട്ടും ഇത് കടലാസിൽ വിശ്രമിച്ച് സർക്കാരിന്റെ ഫയലിൽ ഇരിപ്പാണ്. മൊത്തം മൂന്ന് കോടി രൂപ യാ ണ് ഇവിടേക്ക് മാറ്റി വെച്ചിട്ടുള്ളത്.
തൃശൂർ – കാഞ്ഞാണി -വാടാനപ്പള്ളി റോഡിനോട് ചേർന്ന് കണ്ട ശാംങ്കടവ് പാലത്തിനടുത്തുള്ള പ്രകൃതി സുന്ദരമായ കണ്ടശാംകടവ് ബോട്ട് ജെട്ടി ബോട്ടിംഗ് ഉൾപ്പടെ നടത്താവുന്ന കായലോര വിനോദസഞ്ചാര സാധ്യതയുള്ള മികച്ച സ്ഥലമാണ്. ചേറ്റുവ അഴിമുഖം, തൃപ്രയാർ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്ന് ബോട്ട് സർവ്വീസ് ആരംഭിച്ചാൽ തന്നെ സഞ്ചാരികളെത്തും. എന്നിട്ടും അധികൃതർ അനാസ്ഥ തുടരുകയാണ്.