വെള്ളമുണ്ട: കണ്ടത്തുവയലിൽ യുവദന്പതികൾ കൊല്ലപ്പെട്ട കേസിൽ അന്വേഷണം ശാസ്ത്രീയ രീതിയിൽ പുരോഗമിക്കുകയാണെന്നു ഉത്തരമേഖലാ ഐജി ബൽറാംകുമാർ ഉപോധ്യായ. കേസ് അന്വേഷണം വിലയിരുത്താൻ കണ്ടത്തുവയലിലെത്തിയ ഐജി മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
സമഗ്രാന്വേഷണമാണ് പോലീസ് നടത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കുപ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വ്യാജപ്രചാരണങ്ങൾ പോലീസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ജനങ്ങൾക്ക് എന്തു പരാതിയുണ്ടെങ്കിലും പോലീസുമായി ബന്ധപ്പെടാം. സംഭവത്തിനുശേഷം പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും ഐജി പറഞ്ഞു.
ഇരട്ടക്കൊല നടന്ന വീട്ടിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഐജിയും സംഘവുമെത്തിയത്. പത്തുമിനിറ്റോളം വീട്ടിൽ ചെലവഴിച്ച അദ്ദേഹം കോറോം പോലീസ് സ്റ്റേഷനുവേണ്ടി നിർമിച്ച കെട്ടിടത്തിൽ കേസന്വേഷണ സംഘവുമായി രണ്ട് മണിക്കൂറോളം ചർച്ച നടത്തി.
ജില്ലാ പോലീസ് മേധാവി ആർ. കറുപ്പ സ്വാമി, അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യ, സിഐ മാരായ പി.കെ. മണി, എം.ഡി. സുനിൽ എന്നിവരോട് ഐജി അന്വേഷണ പുരോഗതി ചോദിച്ചറിഞ്ഞു.കണ്ടത്തുവയൽ പുരിഞ്ഞിയിൽ വാഴയിൽ ഉമ്മർ(26), ഭാര്യ ഫാത്തിമ(19) എന്നിവരാണ് വ്യാഴാഴ്ച രാത്രി സ്വവസതിയിലെ കിടപ്പുമുറിയിൽ വെട്ടേറ്റുമരിച്ചത്.
നഷ്ടപ്പെട്ട മൊബൈൽ ഫോണ്‍ ഇനിയും സ്വിച്ചോണ്‍ ചെയ്തില്ല
വെള്ളമുണ്ട: കൊലപാതകം നടന്ന വീട്ടിൽനിന്നു നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ച മൊബൈൽ ഫോണ്‍ വൈകുന്നേരം വരെയും സ്വിച്ചോണ്‍ ചെയ്തിട്ടില്ല. കൊല്ലപ്പെട്ട ഫാത്തിമയുടേതാണ് നഷ്ടപ്പെട്ട മൊബൈൽ ഫോണ്‍. ഇത് സ്വിച്ചോണ്‍ ചെയ്താൽ ടവർ ലൊക്കേഷൻ കണ്ടുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയും പോലീസിന് നഷ്ടമാകുകയാണ്.
സിസിടിവി കാമറ ദൃശ്യങ്ങളുടെ പരിശോധനയും ഇതര സംസ്ഥാന തൊഴിലാളികളുടെ വിരലടയാളമെടുപ്പും ഇന്നലെയും തുടർന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ.പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചയോടെ സ്ഥലത്തെത്തി സീൻ മഹസർ തയാറാക്കി.
പ്രദേശത്ത് ഭീതി പരത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയകളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ വെള്ളമുണ്ട പോലീസ് മുന്നറിയിപ്പ് നൽകി.