വെള്ളമുണ്ട: തൊണ്ടർനാട് പന്ത്രണ്ടാം മൈലിൽ നവദന്പതികൾ കൊല്ലപ്പെട്ടിട്ട് ഒരു മാസം തികയാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ പ്രതികളെ പിടികൂടാനാകാത്തതിൽ അന്വേഷണ സംഘത്തിനുള്ളിൽ ഭിന്നതയെന്ന് സൂചന. ജില്ലയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പ്രതികളെ കണ്ടെത്തുന്നതിൽ വേണ്ടത്ര താൽപ്പര്യമില്ലെന്നതുൾപ്പെടെയുള്ള ചർച്ചകളാണ് പോലീസ് സേനക്കുള്ളിൽ നടക്കുന്നത്.
കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ച് തടിയൂരാൻ ഉന്നത മേധവികൾ ശ്രമിക്കുന്പോൾ മേധാവികളുടെ സഹകരണമുണ്ടെങ്കിൽ പ്രതികളെ കണ്ടെത്താനാവുമെന്നാണ് ഭൂരിഭാഗം സംഘാംഗങ്ങളുടെയും പ്രതീക്ഷ. അന്വേഷണ സംഘത്തിനുള്ളിൽ അന്വേഷണ രീതി സംബന്ധിച്ചും അഭിപ്രായ ഭിന്നതയുള്ളതായി സൂചനയുണ്ട്.
മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള മുപ്പതംഗ അന്വേഷണ സംഘത്തിൽ മാനന്തവാടി, സുൽത്താൻ ബത്തേരി സിഐമാരും ഉൾപ്പെടും. അന്വേഷണ ഉദ്യോഗസ്ഥർ തമ്മിലുള്ള ഏകോപനമില്ലായ്മയും താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ മേലുദ്യോഗസ്ഥർ മുഖവിലക്കെടുക്കാൻ തയാറാകാത്തതുമാണ് പ്രതികളെ പിടികൂടാൻ കഴിയാത്തതിലുള്ള പ്രധാന തടസമെന്നാണ് സേനക്കുള്ളിലെ സംസാരം.
അന്യസംസ്ഥാന തൊഴിലാളികളെയടക്കം ചോദ്യം ചെയ്യുന്ന കാര്യത്തിൽ വീഴ്ച ഉണ്ടായതായാണ് പറയപ്പെടുന്നത്. കിട്ടിയ തെളിവുകൾ മാധ്യമങ്ങൾക്ക് നൽകിയത് കേസന്വേഷണത്തേ ബാധിച്ചതായുള്ള വിലയിരുത്തലും ഉണ്ടായിട്ടുണ്ട്. പോലീസ് അന്വേഷണം തൃപ്തികരമല്ലാതായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യംവിവിധ കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്.
യുഡിഎഫ് ആണ് ഈ ആവശ്യം ആദ്യം ഉയർത്തിയത്. പിന്നാലെ സിപിഎമ്മും രംഗത്ത് വന്നു. ഏറ്റവും ഒടുവിൽ സ്ഥലം എംഎൽഎ ഒ.ആർ. കേളു തന്നെ ഇതിനായി രംഗത്ത് വന്നതോടെ കഴിഞ്ഞ മന്ത്രിസഭ യോഗം വിഷയം ചർച്ചക്കെടുക്കാനൊരുങ്ങിയെങ്കിലും ജില്ല പോലീസ് മേധാവി ഒരാഴ്ച കൂടി സമയം ചോദിച്ചതോടെ തീരുമാനം അടുത്തയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയാൽ അത് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർക്കും വെല്ലുവിളിയാകും. കോഴിക്കോട് ഡിവൈഎസ്പിക്ക് കീഴിൽ ഒരു സിഐ ഉൾപ്പെടെ ആറ് പേർ മാത്രമാണ് വയനാട് ക്രൈംബ്രാഞ്ചിലുള്ളത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുൽപ്പള്ളിയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയും ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.
ഈ രണ്ട് കേസുകളും ഒരേ സമയം അന്വേഷിക്കുക എന്നത് ജില്ലാ ക്രൈംബ്രാഞ്ചിന് സാധിക്കില്ല. അതു കൊണ്ടു തന്നെ അന്യജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സേവനം തേടേണ്ടി വരും. ഇതിന് സർക്കാരിന്റെ അനുമതിയും ആവശ്യമാണ്. അതു കൊണ്ടുതന്നെ ക്രൈംബ്രാഞ്ച് കേസേറ്റെടുത്താലും വേഗത്തിൽ അന്വേഷണം ആരംഭിക്കില്ലെന്നാണ് സൂചന.