ആലുവ: കൊച്ചി കേന്ദ്രമാക്കിയുള്ള അന്താരാഷ്ട്ര ലഹരി മാഫിയ കൂടുതൽ കരുത്താർജിക്കുകയാണ്.വിദേശ വിപണിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ തുടങ്ങി സാദാ കഞ്ചാവു ബീഡി വരെ കൊച്ചിയുടെ ലഹരി കമ്പോളത്തിൽ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.
വ്യേമ-റോഡ് മാർഗമൊഴുകുന്ന ലഹരികൾക്കായി പോലീസ്, എക്സൈസ് സംഘങ്ങളുടെ പരിശോധനകൾക്ക് പഞ്ഞമില്ലങ്കിലും വമ്പൻ സ്രാവുകൾ ഇനിയും കൈയെത്താ ദൂരത്താണ്. അതാണ് കഴിഞ്ഞയാഴ്ചയിൽ ജില്ലയിൽ നടന്ന മൂന്ന് വൻ മയക്കുമരുന്നു വേട്ടകൾ തെളിയിക്കുന്നത്.
നാഷണൽ പെർമിറ്റ് ലോറിയിൽ
ആലുവയിൽ വാഹന പരിശോധയ്ക്കിടയിലാണ് കോട്ടയം രജിസ്ട്രേഷനിലുള്ള നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നും 35 കിലോ കഞ്ചാവ് എക്സൈസ് സിഐ സോജൻ സെബാസ്റ്റ്യനും സംഘവും കഴിഞ്ഞ രണ്ടാം തിയതി പിടികൂടുന്നത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി ഹക്കിം, പട്ടാമ്പി സ്വദേശികളായ അഹമ്മദ് കബീർ, ജാഫർ എന്നിവർ കസ്റ്റഡിയിലായി.
ഇവരെ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിന്റെ നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്തതിൽ നിന്നും ലോറി ഉടമയായ തൃശൂർ ചേലക്കര സ്വദേശി ഷെമീർ ബാബുവാണ് കഞ്ചാവ് കടത്തിന്റെ പ്രധാന സൂത്രധാരനെന്ന് കണ്ടെത്തുകയായിരുന്നു.
ഷെമീർ നൽകിയ ഒന്നേകാൽ ലക്ഷം രൂപയുമായി ആന്ധ്രയിലെ രാജമുദ്രയിൽനിന്നും സംഘം കാലിയായ ലോറിയിൽ കഞ്ചാവ് കടത്തി ആലുവയിലെത്തിച്ചു. ഇത് കൈമാറാനായി ബൈപ്പാസിനടുത്ത് വില്ലേജ് ഓഫീസിനു മുന്നിൽ കാത്ത് കിടക്കുമ്പോഴായിരുന്നു എക്സൈസിന്റെ വാഹന പരിശോധന.
തുടർന്ന് വണ്ടിയുടെ കാബിനുള്ളിലെ രഹസ്യ അറയിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടുകയായിരുന്നു. മൂന്നാർ മേഖലയിൽ നിന്നെത്തുന്ന ഏറെ ഡിമാൻഡുള്ള നീലച്ചയൻ എന്ന വ്യാജേനയാണ് ഇത് വിറ്റഴിച്ചിരുന്നത്. കേസിലെ പ്രധാന പ്രതി ഇപ്പോഴും ഒളിവിൽ തന്നെയാണ്.
കടത്തിന് യുവാക്കൾ
തൊട്ടടുത്ത ദിവസമാണ് കൊച്ചി നഗരത്തിലെ രണ്ടിടങ്ങളിൽ വൻ ലഹരി വേട്ട നടന്നത്. മാരക മയക്കുമരുന്നായ ഹാഷിഷും, കഞ്ചാവുമായി യുവാക്കൾ എക്സൈസ് സ്ക്വാഡിന്റെ പിടിയിലാകുകയായിരുന്നു. വൈറ്റില ഹബ്ബ്, പാലാരിവട്ടം ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനക്കിടയിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനം വളരെ നേരത്തെ പരിശ്രമത്തിനൊടുവിൽ സിനിമ സ്റ്റൈലിലാണ് പിടികൂടിയത്.
കോട്ടയം എരുമേലി ഒലിക്കപ്പാറയിൽ വീട്ടിൽ അഷ്റഫ് മകൻ അഷ്കർ അഷറഫ്(23), പത്തനംതിട്ട പന്തളം റിൻഷാ മൻസിലിൽ ഷാജഹാൻ മകൻ ഷാമോൻ(25) എന്നിവരെ ഒരു കിലോയിലധികം കഞ്ചാവുമായും, കണ്ണൂർ മുഴപ്പിലങ്ങാട് മറിയാത്ത് വീട്ടിൽ നാസർ മകൻ മുഹമ്മദ് റിഹാൻ (26) എന്നയാളെ 10 ഗ്രാം ഹാഷിഷ് ഓയിലുമായും പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്തുവാൻ ഉപയോഗിച്ച ആഡംബര ബൈക്കും കണ്ടെടുത്തു.
മീൻ, പാൽ വണ്ടികളിൽ വരെ
പച്ചക്കറി, മീൻ, പാൽ വണ്ടികളുടെയേയും, കണ്ടെയ്നർ ലോറികളുടെയും മറവിലാണ് ഇപ്പോൾ കേരളത്തിൽ കഞ്ചാവ് പോലുള്ള മയക്ക് മരുന്നുകൾ കൊച്ചിയിൽ എത്തിക്കുന്നത്ത്. ആലുവ, ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കാക്കനാട് ഭാഗത്ത് മുറിയെടുത്തായിരുന്നു പ്രതികളുടെ മയക്കുമരുന്ന് വ്യാപരം.ഇതിനായി ആഡംബര വാഹനങ്ങൾ വാടകക്ക് എടുക്കും.
ലോക് ഡൗൺ കാലത്ത് മൂന്നിരിട്ടി വിലയിലായിരുന്നു മയക്കുമരുന്നുകൾക്കെല്ലാം.10 മില്ലി ഹാഷിഷ് ഓയിലിന് 10000 രൂപ മുതൽ 15000 രൂപയും100 ഗ്രാം കഞ്ചാവിന് 10000 രൂപ നിരക്കിലുമാണ് വിൽപ്പന നടത്തിയിരുന്നത്. ആലുവ,ഇടപ്പള്ളി, കാക്കനാട്, പാലരിവട്ടം പ്രദേശങ്ങൾ ഇപ്പോൾ ലഹരിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
ബംഗളൂരു മയക്കുമരുന്നു കേസിൽ മലയാളികളും ഉൾപ്പെട്ട സാഹചര്യത്തിൽ പോലീസിന്റെ കീഴിലുള്ള നാർകോട്ടിക് കൺട്രോൾ വിഭാഗം നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. കൊറിയർ വഴി മറ്റു ഉത്പന്നങ്ങൾ എന്ന വ്യാജേന ലഹരിമരുന്നുകൾ കൊച്ചിയിലെത്തുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.
ബെൽജിയത്തിൽനിന്നും ഒരു കോടിയുടെ മയക്കുമരുന്നടങ്ങുന്ന പാക്കേജ് ബംഗളൂരു വിമാനത്താവളത്തിൽ കൊറിയർ വഴി എത്തിയത് കഴിഞ്ഞ ദിവസം പിടികൂടിയ സാഹചര്യത്തിൽ നെടുമ്പാശേരിയിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളം വഴിയുള്ള ലഹരിക്കടത്ത് കസ്റ്റംസും കേന്ദ്ര നാർകോട്ടിക് വിഭാഗവും നിരീക്ഷിച്ചുവരികയാണ്.