ഫ്രാങ്കോ ലൂയിസ്
“ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യാന്‍ സംഘപരിവാര്‍ ഒരുക്കിയത് ആസൂത്രിതമായ ഗൂഢാലോചനയാണ്.’ ആന്റോ അക്കര ഈയിടെ പ്രസിദ്ധീകരിച്ച “കന്ധമാലിലെ സ്വാമി ലക്ഷ്ണാനന്ദയെ കൊന്നതാര്’ എന്ന ഗ്രന്ഥം സംഘപരിവാര്‍ നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്നു. കന്ധമാലിലെ സംഭവപരമ്പരകളുടെ വിശദാംശങ്ങളും തെളിവുകളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആന്റോ പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ ഗ്രന്ഥമാണിത്. മൂന്നും ഇംഗ്ലീഷിലാണു രചിച്ചത്.
“സംഘപരിവാറിനെതിരേ വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ എന്റെ കൈകളില്‍ എത്തിയതു വളരെ യാദൃശ്ചികമായാണ്. ആര്‍എസ്എസ് വക്താവായിരുന്ന റാം മാധവ് 2012 ല്‍ കെസിബിസി അധ്യക്ഷനായിരുന്ന തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനു കൈമാറിയ ലഘുലേഖകളിലും സിഡികളിലുമെല്ലാം ഒളിച്ചിരുന്നത് ആ തെളിവുകളായിരുന്നു. ആര്‍എസ്എസിന്റെ കേമത്തരം വിളംബരം ചെയ്യാനാണ് അവ ആര്‍ച്ച്ബിഷപ്പിനു സമ്മാനിച്ചത്.’ ആന്റോ പറയുന്നു.
കന്ധമാല്‍ പര്യവേക്ഷണം നടത്തി നേരത്തെ പ്രസിദ്ധീകരിച്ച രണ്ടു ഗ്രന്ഥങ്ങളായ “കന്ധമാല്‍ ഇന്ത്യയുടെ മതേതരത്വത്തിന് ഒരു കളങ്കം’, “കന്ധമാല്‍ നീതിക്കായി കേഴുന്നു’ എന്നിവയിലെ ഉള്ളടക്കങ്ങള്‍കൂടി ചേര്‍ത്തുകൊണ്ടാണ് “കന്ധമാലിലെ ’സ്വാമി ലക്ഷ്ണാനന്ദയെ കൊന്നതാര്’ എന്ന മൂന്നാമത്തെ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.
ഗൂഢതന്ത്രം, വ്യാജരേഖകള്‍
കന്ധമാലിലെ അതിക്രമങ്ങളുടെ പേരില്‍ ക്രൈസ്തവ വിരുദ്ധ വികാരം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ പല വ്യാജരേഖകളും തയാറാക്കി. സ്വാമിയെ വധിക്കണമെന്ന് ബെറ്റിക്കോള ഇടവക യോഗം പ്രമേയം പാസാക്കിയെന്നാണ് ഒരു രേഖ. ഇതു വ്യാജമാണെന്ന് അതിലെ വാചകങ്ങള്‍തന്നെ സാക്ഷ്യപ്പെടുത്തും. ക്രൈസ്തവര്‍ക്കെതിരേയുള്ള തെളിവായി സംഘപരിവാറിന്റെ ഈ രേഖ കോടതിയില്‍ സമര്‍പ്പിച്ച അഡീഷണല്‍ പോലീസ് സൂപ്രണ്ട് സന്തോഷ്കുമാര്‍ പട്നായിക് പിന്നീട് 2015 ല്‍ അതു തിരുത്തി. അതു വ്യാജരേഖയെന്ന് കന്ധമാല്‍ കൂട്ടക്കുരുതിയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് നായിഡു കമ്മീഷനു മുമ്പാകെ മൊഴി മാറ്റി. പോലീസ് ഓഫീസര്‍ ഐജി അരുണ്‍കുമാര്‍ റേയും ഇങ്ങനെ മൊഴി തിരുത്തി.
കള്ളസാക്ഷ്യ പുസ്തകങ്ങള്‍
കന്ധമാല്‍ വിഷയത്തില്‍ സംഘപരിവാറിന്റെ വ്യാജ ്രചാരണത്തിനായി ഒരേ ഉള്ളടക്കവുമായി രണ്ടു ഗ്രന്ഥങ്ങള്‍ പുറത്തിറക്കിയെന്ന് ആന്റോ അക്കര കണ്ടെത്തി. ഈ വിവരങ്ങളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
കള്ളസാക്ഷ്യങ്ങളുമായി സംഘപരിവാര്‍ പുറത്തിറക്കിയ ഗ്രന്ഥങ്ങള്‍:
1). “ഒറീസ ഇന്‍ ക്രോസ്ഫയര് കന്ധമാല്‍ ബേണിംഗ്’ എന്ന പേരില്‍ ബ്രണ്ണന്‍ പാര്‍ക്കര്‍ എഴുതിയ പുസ്തകം. ലുലുഡോട്ട്കോം ആണു പ്രസാധകര്. 2). “ഹാര്‍വെസ്റ്റ് ഓഫ് ഹെയ്റ്റ് കാന്ധമാല്‍ ഇന്‍ ക്രോസ്ഫയര്’ എന്ന പേരില്‍ മൈക്കിള്‍ പാര്‍ക്കര്‍ എഴുതിയ ഗ്രന്ഥം. പ്രസിദ്ധീകരിച്ചത് ഡല്‍ഹിയിലെ ഇന്ത്യ ഫൗണ്ടേഷന്. സംഘപരിവാറിനെ വെള്ളപൂശിയും ക്രിസ്ത്യാനികളെ കുറ്റപ്പെടുത്തിയുമുള്ള ഗ്രന്ഥങ്ങളാണിവ. പുസ്തകത്തിനു പ്രസാധക കുറിപ്പ് രചിച്ചത് നരേന്ദ്രമോദി മന്ത്രിസഭയിലുള്ള നിര്‍മല സീതാരാമന്. പുസ്തകത്തിന്റെ പ്രസാധകരായ ഇന്ത്യ ഫൗണ്ടേഷന്റെ ഡയറക്ടറാണ് അദ്ദേഹം. ഇന്ത്യ ഫൗണ്ടേഷന്റെ ഓഫീസ് ആന്റോ അക്കര കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ദോവലിന്റെ ദ്വാരക ചന്ദന്വാഡിയിലെ അപ്പാര്ട്ടുമെന്റാണത്.
കള്ളവുമായി സിഡിയും
സംഘപരിവാര്‍ രണ്ടു സിഡികള്‍ പ്രചരിപ്പിച്ചിരുന്നു. “എഗണി ഓഫ് കന്ധമാല്‍’ (കന്ധമാലിന്റെ യാതന) എന്ന സിഡിയില്‍ കന്ധമാലിലെ പീഡിതര്‍ കണ്ണീരോടെ കാര്യങ്ങള്‍ വിവരിക്കുന്നു. ഉറ്റവരെ കൂട്ടക്കൊല ചെയ്തെന്നും കൊള്ളയടിച്ചെന്നും ബലാല്‍സംഗം ചെയ്തെന്നുമെല്ലാം കണ്ണീരോടെ വിവരിക്കുന്നു. ആ സിഡിയില്‍ കണ്ടവരിലേക്ക് ആന്റോ അന്വേഷണം വ്യാപിപ്പിച്ചു. അപ്പോഴാണു ഞെട്ടിക്കുന്ന സത്യം വെളിച്ചത്തായത്. സിഡിയില്‍ കണ്ണീരോടെ സങ്കടങ്ങള്‍ വിവരിച്ചിരുന്നതു സംഘപരിവാറിന്റെ പീഡനങ്ങള്‍ക്ക് ഇരയായ ക്രിസ്ത്യാനികളാണ്. എന്നാല്‍, ക്രിസ്ത്യാനികള്‍ ഹിന്ദുക്കളെ വകവരുത്തിയെന്നു തെറ്റിധരിപ്പിച്ചുകൊണ്ടുള്ള അവതരണമാണ് സംഘപരിവാര്‍ പ്രചരിപ്പിച്ച സിഡിയിലുണ്ടായിരുന്നത്. അങ്ങനെ അവര്‍ ക്രൈസ്തവ വിരുദ്ധ വികാരം ഇളക്കിവിട്ടു.
കൊല്ലപ്പെട്ട സ്വാമി വര്‍ഷങ്ങള്‍ക്കുമുമ്പ് പറഞ്ഞ വാക്കുകള്‍ വീഡിയോ ചിത്രം സഹിതം ഈ സിഡിയിലുണ്ട്. “യൂറോപ്പ്, യുഎസ്, മാര്‍പാപ്പ, സോണിയാഗാന്ധി എന്നിവരുടെ ലക്ഷ്യം ഈ പ്രദേശത്തെ ക്രിസ്ത്യന്‍ പ്രദേശമാക്കുകയാണ്. എന്നാല്‍ ദൈവം എന്നെ ഹിമാലയത്തില്‍നിന്ന് അയച്ച് ഈ മുന്നേറ്റം തടഞ്ഞു. എന്നെ ആട്ടിയോടിച്ച് അവരുടെ രാജ്യം സ്ഥാപിക്കാനുള്ള അവരുടെ പരിപാടി ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അനുവദിക്കില്ല.’ സ്വാമിയുടെ വാക്കുകള്‍ ഇതാണ്.
കന്ധമാല്‍ പ്രദേശം പിടിച്ചെടുക്കാന്‍ ക്രിസ്ത്യാനികള്‍ സ്വാമിയെ കൊലപ്പെടുത്തിയെന്നു തെറ്റിധരിപ്പിക്കാവുന്ന വിധത്തിലാണ് ഇതു സിഡിയില്‍ വിളക്കിച്ചേര്‍ത്തിരിക്കുന്നത്. സ്വാമിയുടെ പൊങ്ങച്ച വാക്കുകളെ അവര്‍ മറയാക്കി, സ്വാമിയെ കൊന്ന് ക്രിസ്ത്യാനികളുടെ തലയില്‍ കെട്ടിവച്ചു. ആന്റോ അക്കരയുടെ ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നു.
“ആര്‍എസ്എസ്’ എന്ന മറ്റൊരു സിഡിയില്‍ ബിജെപി ആര്‍എസ്എസിന്റെ പോഷക സംഘടനകളില്‍ ഒന്നാണെന്ന് വ്യക്തമാക്കുന്നു.
കൂട്ടക്കുരുതി ഇങ്ങനെ
2008 ഓഗസ്റ്റ് 23 നു ജന്മാഷ്ടമി രാത്രിയിലാണ് 81 കാരനായ സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം രാത്രിതന്നെ പോലീസിനെ എത്തിച്ച് ഇന്‍ക്വസ്റ്റ് നടത്തിച്ചു. ദൂരെയുള്ള നഗരത്തില്‍നിന്ന് ഡോക്ടറെ എത്തിച്ച് ആശ്രമത്തില്‍വച്ചു രാത്രിതന്നെ പോസ്റ്റുമോര്‍ട്ടം നടത്തി.
പുലര്‍ച്ചയോടെ സംഘപരിവാറിന്റെ അതിക്രമങ്ങള്‍ ആരംഭിച്ചു. സ്വാമിയെ കൊന്നതു ക്രിസ്ത്യാനികളാണെന്ന് ആരോപിച്ച് നാനൂറിലേറെ ഗ്രാമങ്ങളിലായിരുന്നു കലാപം. നൂറിലേറെ ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. 300 പള്ളികളും ആറായിരം വീടുകളും കൊള്ളയടിക്കപ്പെട്ടു. 56,000 പേര് ഭവനരഹിതരായി. ആയിരങ്ങള്‍ ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടു. അവര്‍ ഇനിയും തിരിച്ചുവന്നിട്ടില്ല.
കള്ളക്കേസ്
സ്വാമി കൊലക്കേസ് ചുമത്തി പതിമ്മൂന്നുകാരനായ അനാഥ ബാലന് അടക്കം നാലു ക്രിസ്ത്യാനികളെ സംഘപരിവാര്‍ പിടികൂടി പോലീസ് സ്റ്റേഷനില്‍ തള്ളി. അന്വേഷണ ചുമതലയുള്ള പോലീസല്ല, വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയാണ് “ഘാതകരുടെ’ പേരുകള്‍ പ്രഖ്യാപിച്ചത്. സ്വാമിയുടെ കൊലപാതകം ക്രൈസ്തവ ഗൂഢാലോചനയാണെന്നായിരുന്നു ആരോപണം.
സ്വാമിയെ കൊന്നതു തങ്ങളാണെന്ന് മാവോയിസ്റ്റു നേതാക്കള്‍ അവകാശവാദം ഉന്നയിച്ചെങ്കിലും ആരും ഗൗനിച്ചില്ല.
നാല്പതു ദിവസം തടവില്‍ കഴിഞ്ഞ ആദ്യ “കൊലയാളിസംഘ’ത്തെ പോലീസ് വിട്ടയച്ചു. “ഭയംമൂലം അത്രയും ദിവസം പോലീസ് സ്റ്റേഷനില്‍ അഭയം തേടിയതാണെന്ന്’ പോലീസ് എഴുതി വാങ്ങിച്ചശേഷമാണ് അവരെ വിട്ടയച്ചത്.
മാസങ്ങള്‍ കഴിഞ്ഞ് “കൊലയാളി’കളുടെ രണ്ടാമത്തെ സംഘത്തെ പിടികൂടി. പോലീസിന്റെ പുതിയ തിരക്കഥയില്‍ പ്രതികള്‍ ഏഴു ക്രിസ്ത്യാനികള്‍. അതിവേഗ കോടതിയില്‍ നാലുവര്‍ഷത്തെ വിചാരണയ്ക്കൊടുവില് പ്രതികള്‍ക്കെതിരേ തെളിവില്ലെന്നു പരാമര്‍ശം നടത്തിയ ജഡ്ജി ബിരാഞ്ചി എന്‍. മിശ്രയെ 2013 മാര്‍ച്ച് മാസത്തില്‍ സ്ഥലംമാറ്റി. പുതിയ ജഡ്ജി രാജേന്ദ്രകുമാര്‍ തോഷ് ഒക്ടോബറില്‍ വിധി പ്രസ്താവിച്ചു. ഏഴുപേര്‍ക്കു ജീവപര്യന്തം തടവു ശിക്ഷ.
അന്വേഷണം, കണ്ടെത്തലുകള്‍
സ്വാമിയെ കൊലപ്പെടുത്തിയതിന്റെ പേരില്‍ അനേകം ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുകയും കൊള്ളയടിക്കുകയും കുടിലുകള്‍ക്കു തീയിടുകയും ചെയ്തവര്‍ക്കെതിരേ പോലീസ് കേസെടുത്തില്ല. എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിനു കുടുംബാംഗങ്ങള്‍ നുവാഗം അഭയര്‍ഥി ക്യാമ്പിലാണ്. കൂട്ടക്കുരുതിക്കു രണ്ടര മാസത്തിനുശേഷം ഡിസംബറില്‍ അഭയാര്‍ഥി ക്യാമ്പില്‍ എത്തിയ ആന്റോ അക്കര അവിടെ സന്ദര്‍ശിച്ച കന്ധമാല്‍ ഡെപ്യൂട്ടി കളക്ടര്‍ ഡോ. വിനീല്‍ കൃഷ്ണയുമായി സംസാരിച്ചു. നൂറോളം ക്രിസ്ത്യാനികളെ കൊന്നൊടുക്കിയിട്ടും 32 പേരെ കൊലപ്പെടുത്തിയതിനു മാത്രമേ കേസെടുത്തിട്ടുള്ളൂവെന്നു ചൂണ്ടിക്കാണിച്ചു. അതു “കെട്ടിച്ചമച്ച കണക്കുകള്‍’ എന്നായിരുന്നു ഡെപ്യൂട്ടി കളക്ടറുടെ പ്രതികരണം.
ഭരണകൂടം ആസൂത്രിതമായി മറച്ചുവയ്ക്കുന്ന അതിക്രമങ്ങളെക്കുറിച്ച ഇരകളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ച് ലോകത്തിനു മുന്നിലെത്തിക്കാന്‍ ആന്റോ തീരുമാനിച്ചത് അങ്ങനെയാണ്. കന്ധമാലിലേക്ക് അരഡസന്‍ യാത്രകള്‍ നടത്തി വിവരങ്ങള്‍ ശേഖരിച്ചു. “കന്ധമാല്‍ ഇന്ത്യയുടെ മതേതരത്വത്തിന് ഒരു കളങ്കം’ എന്ന ഗ്രന്ഥം 2009 ല്‍ പുറത്തിറക്കി.
പുസ്തകത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി. കൂട്ടക്കുരുതികളില്‍ ചിലതെങ്കിലും അംഗീകരിച്ചുകൊണ്ട് ഒഡീഷ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. പുസ്തകത്തിലെ വിവരങ്ങള്‍ പരിഗണിച്ച് ആറു കേസുകള്‍കൂടി ഫയല്‍ ചെയ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഒഡീഷ സര്‍ക്കാര്‍ ധനസഹായം നല്കി.
കന്ധമാലിലെ ഇരകള്ക്കിടയിലേക്കു വീണ്ടും 16 തവണ യാത്ര നടത്തി. ഏഴു കൊലക്കേസുകളിലെ പ്രതിയായ മനോജ് പ്രധാന് കുറച്ചുകാലം ജയിലിലടയ്ക്കപ്പെട്ടെങ്കിലും മാസങ്ങള്‍ക്കകം ബിജെപിയുടെ എംഎല്‍എയായി ഭരണാധികാരിയായി. ക്രൈസ്തവരെ കൂട്ടക്കുരുതി നടത്തിയ കേസുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണു കോടതി പ്രതികളെ ശിക്ഷിച്ചത്. ഭര്ത്താക്കന്മാര് കൊല്ലപ്പെട്ടതിനു സാക്ഷികളായ വിധവകള്പോലും സംഘപരിവാറിന്റെ ഭീഷണിക്കു വഴങ്ങി കോടതിയില്‍ മൊഴി മാറ്റി, കൂറുമാറി.
ക്രൂരമായ കൂട്ടക്കുരുതിയില്‍ തകര്‍ന്നുപോയ കുടുംബങ്ങള്‍, അഭയാര്‍ഥികളായവരുടെ ദയനീയാവസ്ഥ, ഇരകള്‍ക്കെതിരായ അവപാദ പ്രചാരണം, ഭരണാധികാരികളുടെ നീതിനിഷേധം തുടങ്ങിയവയെല്ലാം കണ്ടു. ഇത്തരം വിവരങ്ങളെല്ലാം ചേര്‍ത്ത് 2013 ല്‍ “കന്ധമാല്‍ നീതിക്കുവേണ്ടി കേഴുന്നു’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. കന്ധമാല്‍ കൊലപാതക പരമ്പരകള്‍ക്കു പിന്നില്‍ സംഘപരിവാര്‍ നേതാക്കള്‍ നടത്തിയ ഗൂഢാലോചന വെളിപ്പെടുത്തുന്ന ഗ്രന്ഥമാണു മൂന്നാമത്തേത്. “കന്ധമാലിലെ സ്വാമി ലക്ഷ്ണാനന്ദയെ കൊന്നതാര്’ എന്ന പുസ്തകത്തില്‍ ആന്റോ അക്കര നേരത്തെ പ്രസിദ്ധീകരിച്ച ഇരു ഗ്രന്ഥങ്ങളിലേയും പ്രസക്ത ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ആന്റോ അക്കര രചിച്ച ഗ്രന്ഥം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത് എന്‍. മൂസാകുട്ടിയാണ്. പ്രകാശനം ഡിസംബറില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചിരുന്നു.
കന്ധമാലിലെ കാട്ടുനീതി
ബാധിക്കപ്പെട്ട ഗ്രാമങ്ങള്‍ 415
കൊല്ലപ്പെട്ടവര്‍ നൂറിലേറെ
നശിപ്പിക്കപ്പെട്ട വീടുകള്‍ 6,000
പലായനം ചെയ്തവര്‍ 56,000
തകര്‍ക്കപ്പെട്ട പള്ളികള്‍ 296
പ്രതികളുടെ എണ്ണം 84,000
വിചാരണ നേരിട്ടവര്‍ 3,181
ശിക്ഷിക്കപ്പെട്ടവര്‍ 477
ജീവപര്യന്തം തടവ് 15
ഫയല്‍ ചെയ്യപ്പെട്ട ക്രിമിനല്‍ പരാതികള്‍ 3,232
പോലീസ് അംഗീകരിച്ചത് 1,541
രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ 828
കുറ്റപത്രം സമര്‍പ്പിച്ചത് 593
ശിക്ഷ വിധിച്ചവ 75
വിധി വന്ന കൊലക്കേസുകള്‍ 27
ശിക്ഷിക്കപ്പെട്ടവ 2
(ഉറവിടം: ഇനീഷ്യേറ്റീവ് ടു ജസ്റ്റീസ്, പീസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ്, ഭൂവനേശ്വര്‍)