കണ്ണൂർ: കാടുകൾ വെട്ടിനശിപ്പിച്ചും അവിടെ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയും ഒരു ജനത മുന്നേറുന്പോൾ കാടുകളെ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ് ചില മനുഷ്യർ.
കാടുകളെ പ്രാണനായി സ്നേഹിക്കുന്ന ചില നന്മമരങ്ങൾ. ഇവിടെ കണ്ണൂർ ചെറുകുന്നിലുമുണ്ട് ഇത്തരത്തിൽ പച്ചപ്പിനെ പ്രാണവായുവായി കാണുന്ന ഒരു മനുഷ്യൻ. പാറയിൽ രാജൻ.
മത്സ്യത്തൊഴിലാളിയായ രാജൻ തന്റെ ദിനചര്യ ആരംഭിക്കുന്നതുതന്നെ കണ്ടലുകളെ പരിപാലിച്ചാണ്. രാവിലെ പഴയങ്ങാടി പുഴയോരത്ത് കണ്ടലുകളെ തൊട്ടും തലോടിയും കണ്ടലിന് കാവൽക്കാരനായി രാജനുണ്ടാകും.
അച്ഛൻ കുവപ്പറവൻ അന്പുവിനൊപ്പം മീൻ പിടിക്കാൻ പോയാണ് രാജൻ കണ്ടലുകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. പലയാളുകളോടും അന്വേഷിച്ച് കണ്ടലുകളെക്കുറിച്ച് കൂടുതലറിഞ്ഞു.
അറിയുന്തോറും കണ്ടൽ കാടുകളെക്കുറിച്ച് കൗതുകം കൂടി വന്നു. പിന്നീട് കണ്ടലുകൾ നട്ടുവളർത്താനും പരിപാലിക്കാനും ആരംഭിച്ചു. ആദ്യം വിമർശനങ്ങൾ നേരിട്ടെങ്കിലും ഒരു പുഞ്ചിരിയോടെ രാജൻ കണ്ടലുകളെ പരിപാലിച്ചുപോന്നു.
പഴയങ്ങാടി പുഴയുടെ ചെറുകുന്ന് ഭാഗത്തെ പുഴയോരങ്ങളിൽ ഏക്കർകണക്കിന് കണ്ടൽ കാടുകൾ രാജൻ നട്ടുവളർത്തിയിട്ടുണ്ട്. തോണി തുഴഞ്ഞ് എത്താവുന്നിടത്തെല്ലാം പോയി കണ്ടലുകൾ നടാറുണ്ട് .
വിവിധ സ്ഥലങ്ങളിൽനിന്ന് വിത്തുകൾ ശേഖരിച്ചാണ് കണ്ടലുകൾ നടുന്നത്. കണ്ടലുകൾ നട്ടാൽ അതിൽ കായ് വിരിയുന്നുണ്ടോയെന്ന് നോക്കി സംരക്ഷണം ഉറപ്പാക്കാൻ രാജൻ എന്നും ശ്രദ്ധിക്കാറുണ്ട്.
കണ്ടൽച്ചെടികളെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്നാണ് രാജന്റെ വാദം.
പാടി പുഴയുടെയും പഴയങ്ങാടി പുഴയുടെയും തീരങ്ങളിൽ കണ്ടലുകൾ നടുന്നത് ഇദ്ദേഹത്തിനൊരു ഹരമാണ്.
ഭ്രാന്തൻ കണ്ടൽ, ഉപ്പൂറ്റി ചെറുതും വലുതും, ചുണ്ടിക്കണ്ടൽ, കുറ്റിക്കണ്ടൽ, എഴുത്താണി കണ്ടൽ തുടങ്ങി പതിനാലോളം ഇനം കണ്ടലുകൾ ഇദ്ദേഹം പുഴയിലും ചതുപ്പിലും വച്ചുപിടിപ്പിച്ചിട്ടുണ്ട്.
ഇതിൽ കുറ്റിക്കണ്ടലും ഉപ്പൂറ്റിക്കണ്ടലും ഭ്രാന്തൻ കണ്ടലുമാണ് രാജന്റെ നഴ്സറിയിലുണ്ടായിരുന്നത്. വിവിധ ജില്ലകളിലേക്ക് രാജന്റെ ശേഖരത്തിൽനിന്നും കണ്ടൽത്തൈകൾ കൊണ്ടുപോകാറുണ്ടായിരുന്നു.
ആരോടും കണക്കുപറഞ്ഞ് വാങ്ങാനറിയാത്തത് കൊണ്ടുതന്നെ ആളുകൾ അറിഞ്ഞ് കൊടുക്കുന്ന സഹായം മാത്രം സ്വീകരിക്കാറാണു പതിവ്.
എന്നാൽ പ്രളയവും കോവിഡും കാരണം കൊണ്ടുപോകാൻ ആളില്ലാതെ നഴ്സറി അടച്ചുപൂട്ടേണ്ടിവന്നു. ആവശ്യക്കാർ ഉണ്ടെങ്കിൽ എത്ര കണ്ടൽത്തൈകൾ വേണമെങ്കിലും നൽകാൻ തയാറാണെന്ന് രാജൻ പറയുന്നു.
കണ്ടൽ വിഭവങ്ങൾ ഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കാമെന്ന് രാജൻ തറപ്പിച്ച് പറയുന്നുണ്ടെങ്കിലും അതു ശാസ്ത്രീയമായി തെളിയിക്കാനുള്ള ഗവേഷണങ്ങൾ നടത്താൻ കഴിഞ്ഞില്ല. പണംതന്നെയാണ് പ്രധാനകാരണം. കണ്ടലുകൾക്ക് ഔഷധഗുണമുണ്ടെന്ന് രാജൻ പറയുന്നു.
കണ്ടലുകളെക്കുറിച്ച് തനിക്കു ലഭിച്ച അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനും രാജൻ മറക്കാറില്ല. നിരവധി കുട്ടികൾക്കാണ് സ്കൂൾ- കോളജ് തലത്തിൽ രാജൻ ക്ലാസുകളെടുത്തു നൽകിയത്.
മത്സ്യസന്പത്ത് കുറയാൻ കാരണം കണ്ടൽക്കാടുകളുടെ നാശമാണെന്നും കണ്ടൽക്കാടുകൾ നിലനിർത്തേണ്ടത് മറ്റുള്ളവരേക്കാൾ തീരദേശജനതയുടെയും മത്സ്യത്തൊഴിലാളികളുടേയും ആവശ്യമാണെന്നും രാജൻ പറയുന്നു.
എന്നാൽ ഇന്ന് പുഴയിൽ വന്നടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടൽക്കാടുകൾക്ക് ഭീഷണിയുയർത്തുന്നുണ്ടെന്നും രാജൻ പറഞ്ഞു. സർക്കാർ കോടികൾ മുടക്കി കണ്ടൽത്തൈകൾ നട്ടുപിടിപ്പിക്കുന്പോൾ യാതൊരു ലാഭേച്ഛയും നോക്കാതെ കണ്ടലുകളെ പരിപാലിക്കുന്ന രാജൻ എല്ലാവർക്കും മാതൃകയാണ്.