ലാഹോർ: ഹിന്ദുവാണെന്ന ഒറ്റ കാരണത്താൽ സഹതാരങ്ങളിൽനിന്നു തനിക്കു മോശം അനുഭവം നേരിടേണ്ടി വന്നെന്ന മുൻ താരം ഷോയബ് അക്തറിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. അക്തർ പറഞ്ഞതെല്ലാം യാഥാർഥ്യമാണെന്നും തന്നോടു വിവേചനം കാട്ടിയവരുടെ പേരുകൾ ഉടൻ വെളിപ്പെടുത്തുമെന്നും കനേരിയ പറഞ്ഞു.
ടീമിൽ കളിച്ചിരുന്ന കാലത്ത് വിവേചനത്തിനെതിരേ ശബ്ദമുയർത്താൻ തനിക്ക് ധൈര്യമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അക്തർ ഇതിനെതിരെ പ്രതികരിച്ചശേഷം ഇതു തുറന്നുപറയാൻ ധൈര്യംകിട്ടി. ടീമിൽ കളിക്കുന്ന കാലത്ത് അക്തർ തന്നെ പിന്തുണച്ചിട്ടുണ്ട്. ഇൻസമാം ഉൾ ഹഖും, മുഹമ്മദ് യൂസഫും യൂനിസ് ഖാനും തന്നെ പിന്തുണച്ചവരാണെന്നും കനേരിയ പറഞ്ഞു.
ഒരു ചാനൽ പരിപാടിക്കിടെയായാണ് അക്തർ കനേരിയയ്ക്കു നേരിട്ട വിവേചനം തുറന്നു പറഞ്ഞത്. കരിയറിൽ രണ്ടോ മൂന്നോ കാര്യങ്ങൾക്കാണു സഹതാരങ്ങളോടു വഴക്കിട്ടിരുന്നത്. അതിൽ ഒന്ന്, ടീമിലെ പ്രാദേശിക വാദത്തോടായിരുന്നു. രണ്ടാമത്തെ കാര്യം മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമായിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും ഹിന്ദുവായതിന്റെ പേരിൽ പലപ്പോഴും സഹതാരങ്ങൾ കനേരിയയെ കളിയാക്കാറുണ്ട്. എങ്ങനയാണ് അവൻ ഭക്ഷണം കഴിക്കുന്നതെന്ന് അവർ ചോദിച്ചു. എന്നാൽ ഇതേ ഹിന്ദുവാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാക്കിസ്ഥാനു വിജയം സമ്മാനിച്ചതെന്നും അക്തർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദശകത്തിൽ പാക് ടീമിൽ എത്തിയ ഏക ഹിന്ദുവാണ് കനേരിയ. 2009-ൽ കൗണ്ടി ക്രിക്കറ്റിൽ എസെക്സിനു വേണ്ടി കളിക്കുന്പോൾ ഒത്തുകളിക്കു പിടിക്കപ്പെട്ട കനേരിയയെ നാലു മാസത്തെ തടവിനു ശിക്ഷിച്ചിരുന്നു. തുടർന്നു കനേരിയയെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അഞ്ചു വർഷത്തേക്കു വിലക്കി.