സംവിധായകൻ വികാസ് ബഹലിനെതിരെ ലൈംഗീകാരോപണവുമായി നടി കങ്കണ റണൗത്ത്. ബോംബെ വെൽവറ്റിന്റെ ചിത്രീകരണ സമയത്ത് ഗോവയിൽ വച്ച് ബഹൽ പീഡിപ്പിച്ചെന്ന് ഒരു പെണ്‍കുട്ടി ആേരോപിച്ചതിന്റെ പിന്നാലെ അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊട്ട്വാണി, മധു മന്റേന, വികാസ് ബഹൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാന്റം ഫിലിംസ് പ്രൊഡക്ഷൻ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വികാസ് ബഹലിക്കെതിരെ കങ്കണയും കൂടി രംഗത്തെത്തിയത്.
വികാസ് ബാഹലിൻ സംവിധാനം ചെയ്ത ക്വീനിൽ കങ്കണയായിരുന്നു നായിക. പരാതിയുയർത്തിയ സ്ത്രീയെ ബഹുമാനിക്കുന്നതായും ബഹലിന് എതിരെയാണ് ആരോപണമെന്നതിനാൽ ഞാൻ അത് വിശ്വസിക്കുന്നതായും കങ്കണ വ്യക്തമാക്കി.
“ഞാൻ ബഹലിനെ അകറ്റി നിർത്തിയിട്ടുണ്ട്. എപ്പോൾ കണ്ടാലും അദ്ദേഹം കെട്ടിപ്പിടിച്ചാണ് അഭിവാദ്യം ചെയ്യുക. എന്നെ ബലമായി കെട്ടിപ്പിടിച്ച് എന്റെ കഴുത്തിലേക്ക് മുഖം ചേർക്കും. എന്റെ മുടിയിൽ അദ്ദേഹം മൂക്ക് ചേർത്ത് മണക്കും. നിന്റെ മണം എനിക്ക് ഇഷ്ടമാണെന്ന് പറയും,’ കങ്കണ പറഞ്ഞു.
“അയാൾക്ക് എന്തോ പ്രശ്നമുണ്ട്. ഈ പെണ്‍കുട്ടിയെ ഞാൻ വിശ്വസിക്കുന്നു. ഫാന്റം പിരിച്ചുവിട്ടത് സങ്കടകരമായ കാര്യമാണ്. അന്ന് പരാതി ഉയർന്നപ്പോഴും പെണ്‍കുട്ടിയെ ഞാൻ പിന്തുണച്ചിരുന്നു. ഹരിയാനയിൽ നിന്നുളള ഒരു സ്വർണ മെഡൽ ജേതാവിന്റെ കഥ പറഞ്ഞ് ബഹൽ എന്റെ അടുത്ത് വന്നിരുന്നു. എന്നാൽ പെണ്‍കുട്ടിയെ ഞാൻ പിന്തുണച്ചത് കൊണ്ട് ആ സിനിമ എനിക്ക് നഷ്ടമായി. അവസരം നഷ്ടപ്പെടുന്നത് ഞാൻ കാര്യമാക്കിയിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നിയതിന് ഒപ്പമാണ് ഞാൻ നിന്നത്. എന്നാൽ ബഹലിനെതിരെ കൂട്ടം ചേർന്നുളള ആക്രമണം ഭീരുത്വമാണ്’, കങ്കണ പറഞ്ഞു.
ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷൻ കന്പനിയിലെ മുൻ ജീവനക്കാരിയാണ് ബഹലിനെതിരെ രംഗത്തെത്തിയത്. 2015 മെയിൽ ഗോവയിലെ ഒരു ഹോട്ടലിൽ വച്ച് ബഹൽ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. കശ്യപിനോട് ഈ വിവരം പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് യുവതി പറയുന്നു. 2017ലാണ് യുവതി കന്പനി വിട്ടത്. സംഭവം നടന്നതാണെന്ന് കശ്യപും പറഞ്ഞിരുന്നു.