ബോളിവുഡിലെ സൂപ്പർനായകൻമാരിലൊരാളായ ഹൃത്വിക് റോഷനെതിരേ വീണ്ടും ബോളിവുഡിലെ സൂപ്പർനായിക കങ്കണ റണൗത്ത്. ഹൃത്വിക്കിനോടൊപ്പം ആരും ജോലി ചെയ്യരുതെന്നാണ് കങ്കണ ആവശ്യപ്പെടുന്നത്.
മീ ടൂ വെളിപ്പെടുത്തലിലൂടെ കഴിഞ്ഞ ദിവസം സംവിധായകൻ വികാസ് ബാലിനെതിരേ കങ്കണ റണൗത്ത് ആരോപണവുമായി രംഗത്തുവന്നിരുന്നു. കങ്കണയെ അനുകൂലിച്ച് ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും രംഗത്ത് എത്തിയിരുന്നു.
വികാസ് ബാൽ വിവാദത്തിൽ സിനിമാമേഖലയെടുത്തിരിക്കുന്ന നിലപാട് അഭിനന്ദനം അർഹിക്കുന്നു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ഹൃത്വികിനെയും ഉദ്ദേശിച്ചാണ് ഞാൻ ഇത് പറയുന്നത്. അയാൾക്കൊപ്പവും ആരും ജോലി ചെയ്യരുത് -കങ്കണ തുറന്ന് പറയുന്നു.
നടൻ ഹൃത്വിക്കിനെതിരേ കങ്കണ നേരത്തേയും രംഗത്ത് വന്നിട്ടുണ്ട്. തന്റെ ഇമെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോർത്തിയെന്നായിരുന്നു കങ്കണയുടെ പഴയ ആരോപണം. തുടർന്ന് പോലീസിൽ അവർ പരാതി നൽകി.
തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കിൽ അവർക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃത്വിക്കും പോലീസിനെ സമീപിച്ചു. എന്നാൽ ഹൃത്വിക്കിനെതിരേ തെളിവ് ലഭിക്കാത്തതിനാൽ പോലീസ് ആ കേസിൽ നടപടി എടുത്തില്ല.
പിന്നീട് കങ്കണ പല പൊതു വേദികളിലും അഭിമുഖങ്ങളിലും ഹൃത്വിക്കിനെതിരേ രംഗത്ത് വന്നിരുന്നു. കങ്കണയുടെ കരിയറിലെ വഴിത്തിരിവായ ക്വീൻ എന്ന ചിത്രം ഒരുക്കിയത് വികാസ് ബാലായിരുന്നു.