മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ നടി കങ്കണ റനൗട്ടിന് ജാമ്യം. അന്ധേരി മെട്രോപൊലിറ്റൻ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കോടതിയിൽ ഹാജരായ കങ്കണ തനിക്കെതിരായ വാറണ്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേസിൽ ജാമ്യം അനുവദിക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. നേരത്തെ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറണ്ട് അയച്ചത്.
തനിക്കെതിരെ അടിസ്ഥാനരഹിതവും തെറ്റായതുമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് കഴിഞ്ഞ നവംബറിലാണ് അക്തർ, കങ്കണയ്ക്കെതിരെ പരാതി നൽകിയത്.
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ബോളിവുഡിലെ കോക്കസിനെ പരാമർശിക്കുന്നതിനിടെയാണ് തന്റെ പേര് വലിച്ചിട്ടത്.
കങ്കണയുടെ അടിസ്ഥാനരഹിതമായ പരാമർശങ്ങൾ തന്റെ സൽപ്പേരിന് കളങ്കം വരുത്തിയെന്നും പരാതിയിൽ പറയുന്നു.