സിനിമാപ്രേക്ഷകർ ഏറെ ആകാഷയോടെയും അതിലേറെ കൗതുകത്തോടെയും വായിക്കുന്ന കാര്യമാണ് സിനിമാ താരങ്ങളുടെ പ്രതിഫലം. ലക്ഷങ്ങൾ മുതൽ കോടികൾ വരെയാണ് ഇവര് പലപ്പോഴും ഒരു സിനിമയ്ക്ക് മാത്രം വാങ്ങിക്കുന്നത്. എന്നാൽ തുടരെ വലിയ പരാജയങ്ങൾ നേരിട്ടാലും അവരുടെ പ്രതിഫലത്തിൽ മാറ്റം വരുമോ ഇല്ലയോ എന്നതും ചോദ്യചിഹ്നമാണ്.
കഴിഞ്ഞ ഒൻപത് വർഷത്തിൽ ഒരു ഹിറ്റ് പോലും ഇല്ലാത്ത നടി വാങ്ങുന്ന പ്രതിഫലം 15 മുതൽ 27 കോടിവരെയാണ്. പറഞ്ഞ് വരുന്നത് ബോളിവുഡിലെ താരസുന്ദരി കങ്കണ റണൗത്തിനെക്കുറിച്ചാണ്. ഒരുകാലത്ത് ബോളിവുഡ് ബോക്സ് ഓഫീസിൽ വിലസിയിരുന്ന നടിയായിരുന്നു കങ്കണ. നായകന്മാരുടെ സഹായം ഇല്ലാതെ തന്നെ നടി സ്വന്തമായി ഹിറ്റുകൾ സൃഷ്ടിച്ചിരുന്നു. നിരവധി ബ്ലോക് ബസ്റ്റർ സിനിമകളിലും കങ്കണ ഭാഗമായി. എന്നാൽ 2015ൽ തനു വെഡ്സ് മനു 2 എന്ന സിനിമ ഇറങ്ങിയതോടെ കഥമാറി.
അതിനു ശേഷമുള്ള ഒൻപത് വർഷത്തിൽ പത്ത് സിനിമകളാണ് കങ്കണയുടേതായി റിലീസ് ചെയ്തതെന്ന് ബോളിവുഡ് സൈറ്റായ കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നു. ഇവയിൽ ഒരു ശരാശരി വിജയവും അഞ്ച് പരാജയങ്ങളും നാല് വൻ പരാജയ ചിത്രങ്ങളുമാണ് ഉള്ളത്. ഈ കാലയളവിൽ ആണ് മണികർണിക എന്ന സിനിമയിൽ റിലീസ് ചെയ്യുന്നത്. 132 കോടിയായിരുന്നു സിനിമ ആകെ നേടിയ കളക്ഷൻ. എന്നാൽ ബോളിവുഡിനെ സംബന്ധിച്ച് ഇത് വളരെ കുറവാണെന്നാണ് വിലയിരുത്തൽ. ഈ ചിത്രമാണ് ശരാശരി വിജയം നേടിയത്.
അവസാനമായി മൂന്ന് ചിത്രങ്ങളാണ് കങ്കണയുടേതായി റിലീസ് ചെയ്തത്. തേജസ്, ധാക്കഡ്, തലൈവി എന്നിവയാണ് ആ സിനിമകൾ. ഇവ യഥാക്രമം 4.1 കോടി, 2.6 കോടി, 7.92 കോടി എന്നിങ്ങനെയാണ് നേടിയത്. അതായത് മൂന്ന് ചിത്രങ്ങളുടേയും കളക്ഷൻ പത്ത് കോടിക്ക് താഴെ. മുടക്ക് മുതൽ പോലും ഈ സിനിമകൾക്ക് ലഭിച്ചിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.
തലൈവിയിലെ നടിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് കങ്കണ. 2023ലെ കണക്കനുസരിച്ച് ഒരു സിനിമയ്ക്ക് 15 മുതൽ 27 കോടി രൂപയാണ് നടി ഈടാക്കുന്നത്. എമർജൻസി എന്ന ചിത്രമാണ് നടിയുടേതായി ഇനി വരാനിരിക്കുന്നത്. ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ ആണ് കങ്കണ എത്തുന്നത്. കങ്കണയാണ് സംവിധാനവും. ജൂണിൽ സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.