ബോളിവുഡിലെ പ്രമുഖതാരമാണ് കങ്കണ റണൗത്. നടിയെന്നതിനൊപ്പം തന്നെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും പതിവായി നടി പ്രതികരിക്കാറുണ്ട്.
ഇതിന്റെ പേരില്‍ വിവാദങ്ങളില്‍ ഇടംപിടിക്കുന്നതും പതിവാണ്. ഇപ്പോള്‍ അവതാരകയായും വാര്‍ത്തകളില്‍ നിറയുകയാണ് കങ്കണ.
ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായാണ് കങ്കണ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഷോയില്‍ വച്ച് കങ്കണ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്.
തന്റെ കുട്ടിക്കാലത്തെക്കുറിച്ചായിരുന്നു കങ്കണ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്ത് താന്‍ വീട്ടില്‍ നിന്നും ഓടിപ്പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അതിനായി ബാഗ് പാക്ക് ചെയ്യുക വരെ ചെയ്തിരുന്നുവെന്നാണ് കങ്കണ പറയുന്നത്.
ഷോയിലെ മത്സരാര്‍ത്ഥിയായ അഞ്ജലി അറോറ താന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തിയപ്പോഴായിരുന്നു കങ്കണ തന്റെ കഥയും വെളിപ്പെടുത്തിയത്.
ഒരിക്കല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കാനായി താന്‍ ട്യൂഷന് ക്ലാസ് മിസ് ചെയ്തുവെന്നാണ് അഞ്ജലി പറയുന്നത്. എന്നാല്‍ തന്നെ സഹോദരന് കാണുകയും എല്ലാവരുടേയും മുന്നില്‍ വച്ച് കരണത്തടിക്കുകയും ചെയ്തുവെന്നും ഇതോടെയാണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അഞ്ജലി വെളിപ്പെടുത്തിയത്.
”ഞാന്‍ കരഞ്ഞു കൊണ്ട് അവനോട് പപ്പയോട് പറയരുതെന്ന് അപേക്ഷിച്ചു. പക്ഷെ അവന് പറഞ്ഞു. പപ്പയും എന്റെ കരണത്തടിക്കുകയും എന്നെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പറഞ്ഞു. ഇതോടെയാണ് ഞാന്‍ ഫിനൈല്‍ കുടിച്ചത്. വാതില്‍ പൊളിച്ചാണ് സഹോദരന് അകത്ത് കയറിയത്” എന്നായിരുന്നു അഞ്ജലി പറഞ്ഞത്.
ഈ സമയത്തായിരുന്നു കങ്കണ പ്രതികരണം. അഞ്ജലി ചെയ്തത് തെറ്റാണെന്നും തെറ്റായ സന്ദേശമാണ് നല്‍കുന്നതും ജീവന് തിരിച്ചുകിട്ടിയത് ഭാഗ്യമാണെന്നും കങ്കണ പറഞ്ഞു.
”നീ പറയുന്ന അനുഭവം എനിക്ക് മനസിലാകും. നോര്‍ത്ത് ഇന്ത്യയില്‍ ഇങ്ങനൊരു സംസ്കാരമുണ്ട്. ഞാന്‍ അവിടെയാണ് വളര്‍ന്നത് എനിക്ക് മനസിലാകും” എന്നും കങ്കണ പറഞ്ഞു.
തന്റെ സഹോദരന്മാരുമായി പലപ്പോഴും വഴക്കുണ്ടാക്കേണ്ടി വന്നിട്ടുണ്ടെന്ന് കങ്കണ വെളിപ്പെടുത്തി. താന്‍ എവിടെ പോയിയെന്ന് സ്ഥിരമായി അവര്‍ വന്ന് തന്റെ പിതാവിനോട് പറഞ്ഞു കൊടുക്കുമായിരുന്നുവെന്നും ആര്‍ക്കൊപ്പം പോയിയെന്ന് പറയുമായിരുന്നുവെന്നും കങ്കണ പറയുന്നു.
”എന്റെ കസിന് സഹോദരന്മാര് കോളേജിന്റെ മുന്നില്‍ പോയി നില്‍ക്കുകയും പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്യുമായിരുന്നു. പക്ഷെ ഞങ്ങളുടെ കോളേജിന്റെ അടുത്ത് ഒരു ആണ്‍കുട്ടിയേയും വരാന്‍ സമ്മതിക്കില്ലായിരുന്നു. നീ ചെയ്തത് തെറ്റാണെന്ന് കരുതി നിന്റെ അച്ഛനും അമ്മയും സഹോദരനും ചെയ്തത് ശരിയാകില്ല. നീ ചെയ്തതും തെറ്റാണ്. നിന്റെ മാതാപിതാക്കള്‍ ചെയ്തത് പാസിവ് ഡോമിനേഷന് ആണ്. നീ ജീവനോടെയിരിക്കുന്നത് ഭാഗ്യമാണ്” എന്നായിരുന്നു കങ്കണ പറഞ്ഞത്.
”എട്ടാമത്തെ വയസിലാണ് വീടുവിട്ട് ഓടി പോകാന്‍ തീരുമാനിക്കുകയും അതിനായി ഞാന്‍ ബാഗ് പാക്ക് ചെയ്യുകയും ചെയ്യുന്നത്. എല്ലാവര്ക്കും അത്തരം ചിന്തയുണ്ടാകും. പക്ഷെ ഭീരുക്കള്‍ മാത്രമാണ് അങ്ങനെ ചെയ്യുക” എന്നും കങ്കണ പറയുന്നു. ധാക്കഡ് ആണ് കങ്കണയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.