നാലര വര്‍ഷം എന്റെ ഭര്‍ത്താവിനെ കൈയ്യടക്കി വച്ചവളെ ഞാന്‍ എങ്ങനെ മകളായി കാണണം; കങ്കണ റണൗത്തിനെതിരേ ആഞ്ഞടിച്ച് നടി സറീനാ വഹാബ്

 

നടി കങ്കണ റണൗത്താണ് ഇപ്പോള്‍ ബോളിവുഡിലെ താരം. സിനിമയല്ല കങ്കണയുടെ ജീവിതമാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടേറിയ ചര്‍ച്ച. അടുത്തിടെ താരം നടത്തിയ ഒരു വെളിപ്പെടുത്തല്‍ ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിക്കാന്‍ പോന്നതായിരുന്നു.കൗമാര പ്രായത്തില്‍ താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു കങ്കണ വെളിപ്പെടുത്തിയത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായ സറീന വഹാബിന്റെ ഭര്‍ത്താവ് ആദിത്യ പഞ്ചോളിയാണ് തന്നെ ലൈംഗികമായയി പീഡിപ്പിച്ചതെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ പരിപാടിക്കിടയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കങ്കണയ്ക്ക് ഭ്രാന്താണെന്നു പറഞ്ഞ് ആദിത്യ പഞ്ചോളി രംഗത്ത് വരുകയും ചെയ്തു.

ആ സംഭവത്തിന് ശേഷം സഹായം അഭ്യര്‍ത്ഥിച്ച് താന്‍ സറീന വഹാബിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ തന്നെ കൈയ്യൊഴിയുകയുമാണ് സംഭവിച്ചതെന്നും കങ്കണ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ കങ്കണയ്ക്കു മറുപടിയുമായി സറീനാ വഹാബ് രംഗത്തെത്തിയിരിക്കുകയാണ്. കങ്കണ ഉന്നയിച്ചിട്ടുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സറീനയും പറയുന്നത്. നാലര വര്‍ഷമായി കങ്കണ തന്റെ ഭര്‍ത്താവായ ആദിത്യ പഞ്ചോളിക്കൊപ്പം കഴിയുകയായിരുന്നു. പിന്നെങ്ങനെ പീഡനമാകും എന്ന് സറീന ചോദിക്കുന്നു. നാലര വര്‍ഷമായി ഭര്‍ത്താവിനൊപ്പം കഴിയുന്ന കങ്കണയെ താന്‍ എങ്ങനെയാണ് മകളായി കാണുന്നതെന്നും അവര്‍ ചോദിക്കുന്നു.

ഭര്‍ത്താവ് ആവശ്യപ്പെട്ടതു പ്രകാരം സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്ക് കങ്കണയെ താന്‍ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്നും സറീന പറയുന്നു. കങ്കണ കുറച്ചു കൂടി മാന്യമായാണ് തന്നോട് പെരുമാറിയതെങ്കില്‍ താന്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വരില്ലായിരുന്നു. അത്ര മോശപ്പെട്ട വ്യക്തിയായിരുന്നു ആദിത്യയെങ്കില്‍ എന്തിന് ഇത്രയും കാലം കൂടെ കഴിഞ്ഞുവെന്നു ചോദ്യവും സറീന ഉയര്‍ത്തിയിട്ടുണ്ട്. സറീന വഹാബിന്റെ പ്രതികരണത്തെക്കുറിച്ച് കങ്കണ ഇതുവരെ മിണ്ടിയിട്ടില്ല. എന്നാല്‍ കങ്കണയുടെ സഹോദരി സറീനയ്‌ക്കെതിരേ രംഗത്തുവന്നു. കങ്കണയും ആദിത്യ പഞ്ചോളിയും തമ്മില്‍ പരിചയത്തിലാകുന്നത് 2005 ലാണ്. 2007ല്‍ കങ്കണ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. പിന്നെങ്ങനെ നാലര വര്‍ഷം കൂടെക്കഴിഞ്ഞുവെന്ന് പറയുമെന്നാണ് കങ്കണയുടെ സഹോദരി ചോദിക്കുന്നത്. എന്തായാലും ബോളിവുഡിനെ ഇളക്കിമറിക്കുകയാണ് കങ്കണ വിവാദം.

 

Related posts