ബോളിവുഡ് താരം കങ്കണ റണൌത്തിന്റെ വിവാദമായ ട്വീറ്റുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. കര്‍ഷക സമരത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ പോപ്പ് താരം റിഹാനയെ വിമര്‍ശിച്ച് കങ്കണ രംഗത്തെത്തിയതിന് പിന്നാലെ ട്വിറ്റര്‍ വിവാദ ട്വീറ്റുകള്‍ നീക്കിയിട്ടുള്ളത്.
ട്വിറ്ററിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതോടെയാണ് നടപടിയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയും കങ്കണയുടെ വിവാദ ട്വീറ്റുകള്‍ കമ്പനി നീക്കിയിരുന്നു.
പോപ്പ് താരം റിഹാനയ്ക്കെതിരെയുള്ള കങ്കണയുടെ ട്വീറ്റുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ചിനെ ഖലിസ്ഥാനിയെന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിനും ട്വിറ്റര്‍ സാക്ഷിയായിരുന്നു.
സമരം ചെയ്യുന്ന കര്‍ഷകരെല്ലാം ഭീകരരാണെന്നും കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാമാണ് വിവാദങ്ങള്‍ക്കാധാരം. ഇതിനു ശേഷമാണ് റിഹാനയ്ക്കെതിരെയുള്ള കങ്കണയുടെ ട്വീറ്റ് പുറത്തുവരുന്നത്.
റിഹാനയുടേതായി പുറത്തിറങ്ങിയ പുതിയ മ്യൂസിക് ആല്‍ബത്തെ അഭിനന്ദിച്ച് ദില്‍ജിത്ത് ഇട്ട പോസ്റ്റിനെതിരേയും കങ്കണ രംഗത്തെത്തിയിരുന്നു.
ഇതെല്ലാം പണത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളാണെന്ന് വിശേഷിപ്പിച്ച കങ്കണ ഇത് ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ എത്ര മാസം എടുത്തുവെന്ന തരത്തിലുള്ള ചോദ്യങ്ങളും ദില്‍ജിത്തിനോട് ഉന്നയിച്ചിരുന്നു.
നിങ്ങള്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് എന്നോട് പറഞ്ഞു തരേണ്ടതില്ലെന്നാണ് ദില്‍ജിത്ത് മറുപടി നല്‍കിയത്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതിന്റെ പിറ്റേ ദിവസമാണ് മ്യൂസിക് ആല്‍ബം പുറത്തിറങ്ങിയത്.
ഞങ്ങളുടെ എന്‍ഫോഴ്സ്മെന്റ് ഓപ്ഷനുകള്‍ക്ക് അനുസൃതമല്ലാതെ ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിക്കുന്ന ട്വീറ്റുകളില്‍ ഞങ്ങള്‍ നടപടി സ്വീകരിച്ചുവെന്നാണ് കങ്കണയുടെ ട്വീറ്റുകള്‍ നീക്കിയതിനെക്കുറിച്ച് ട്വിറ്ററിന്റെ പ്രതികരണം. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തെന്‍ബര്‍ഗിനെ അധിക്ഷേപിച്ചും കങ്കണ ട്വീറ്റ് ചെയ്തിരുന്നു.
കര്‍ഷക വംശഹത്യ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യുന്നതിനും റീ ട്വീറ്റ് ചെയ്യുന്നതിനോ കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് വ്യാജവും ഭയപ്പെടുത്തുന്നതും പ്രകോപനപരവുമായ ട്വീറ്റുകള്‍ ചെയ്തതുമായ 250 ലധികം ട്വിറ്റര്‍ അക്കൗണ്ടുകള്‍ കമ്പനി നീക്കം ചെയ്തിരുന്നു.