സെബി മാത്യു
ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ ചൊല്ലി പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെ ഇന്നു രാവിലെ ശിവസേന എംപി സഞ്ജയ് റാവത്ത് കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
സര്‍ക്കാരിന്റഎ നടപടികളെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്ന് ശിവസേന എംപി കുറ്റപ്പെടുത്തി. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന അക്രമങ്ങള്‍ക്ക് മുഖ്യ കാരണക്കാരനായ ദീപ് സിംഗ് സിദ്ധുവിനെ സര്‍ക്കാര്‍ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ തയാറായിട്ടില്ല.
എന്നാല്‍, നിരപരാധികളായ ഇരുന്നൂറ് കര്‍ഷകരെ അറസ്റ്റ് ചെയ്തെന്നും സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടി. ദീപ് സിംഗ് സിദ്ധുവിന്റെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു.
ശശി തരൂര്‍, രാജ്ദീപ് സര്‍ദേശായി എന്നിര്‍ക്കെതിരേ കേസെടുത്തതിനെയും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. സര്‍ക്കാരിന്റെ കണക്കില്‍ അര്‍ണബ് ഗോസാമിയും കങ്കണ റാവത്തും മാത്രമാണോ രാജ്യസ്നേഹികള്‍ എ്ന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യക്തിയാണ് അര്‍ണബ് ഗോസാമിയെന്നും റാവത്ത് കുറ്റപ്പെടുത്തി.
ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പോലീസ് വിന്യസിച്ചിരിക്കുന്ന മുള്ളുവേലികളും ആണികളും ഉള്‍പ്പടെയുള്ള പ്രതിരോധം ചൈന അതിര്‍ത്തിയിലാണ് വിന്യസിക്കേണ്ടതെന്ന് ബിഎസ്പി എംപി സതീഷ് ആചാര്യ ചൂണ്ടിക്കാട്ടി. മാസങ്ങളായി റോഡില്‍ കുത്തിയിരിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മനസ് തുറക്കുകയാണ് വേണ്ടത്.
കേന്ദ്ര സര്‍ക്കാര്‍ ധാര്‍ഷ്ഠ്യം വെടിഞ്ഞ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാകണം. താത്കാലികമായി റദ്ദാക്കാതെ നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണമെന്നും ബിഎസ്പി എംപി ആവശ്യപ്പെട്ടു.
കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, കര്‍ഷകര്‍ക്ക് ഈ നിയമങ്ങളുടെ ഒരാവശ്യവുമില്ലെന്ന് ശിരോമണി അകാലിദള്‍ എംപി സര്‍ദാര്‍ സുഖ്ദേവ് സിംഗ് ധിന്‍സ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ നടന്ന അക്രമങ്ങളില്‍ യഥാര്‍ഥ കുറ്റക്കാരെ കണ്ടെത്താതെ സര്‍ക്കാര്‍ കര്‍ഷകരെ ക്രൂശിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കാര്‍ഷിക വിഷയങ്ങള്‍ സംസ്ഥാനങ്ങളുടെ പരിധിയില്‍ പെടുന്നതായിരിക്കേ കേന്ദ്ര സര്‍ക്കാര്‍ ഈ നിയമങ്ങളുമായി കടന്നുകയറി വന്നിരിക്കുകയാണ്.
കര്‍ഷരോടുള്ള ബഹുമാന സൂചകമായെങ്കിലും ഈ നിയമങ്ങള്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും ധിന്‍സ ആവശ്യപ്പെട്ടു.
നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി എട്ടിന് പാര്‍ലമെന്റില്‍ മറുപടി പറയും. കാര്‍ഷിക നിയമത്തെക്കുറിച്ചും കര്‍ഷക സമരത്തെക്കുറിച്ചുമുള്ള സര്‍ക്കാര്‍ നിലപാട് അന്നു വ്യക്തമാക്കുമെന്നാണ് സൂചന.
ഫെബ്രുവരി എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ ഹാജരായിരിക്കണം എന്നു ചൂണ്ടിക്കാട്ടി ബിജെപി പാര്‍ട്ടി എംപിമാര്‍ക്ക് മൂന്ന് വരി വിപ്പ് നല്‍കിയിട്ടുണ്ട്.
കര്‍ഷക സമരത്തെ അനുകൂലിച്ച് അമേരിക്ക രംഗത്തെത്തിയതിന് പിന്നാലെ ചെങ്കോട്ടയില്‍ നടന്ന ആക്രമണ സംഭവങ്ങളെ ജനുവരി ആറിന് കാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന അനിഷ്ട സംഭവങ്ങളുമായി താരതമ്യം ചെയ്താണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയത്.
ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചത് കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനാണെന്നാണ് അമേരിക്കന്‍ വിമര്‍ശനത്തിന് മറുപടിയായി വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.
ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ സിക്ക് ഫോര്‍ ജസ്റ്റീസിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ഇന്ത്യ അമേരിക്കയോട് സഹായം തേടിയുണ്ടെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റീസിനോടാണ് ഖാലിസ്ഥാന്‍ സംഘടനയെക്കുറിച്ച് അന്വേഷിക്കാന്‍ സഹായം തേടിയത്.
കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരില്‍ ഖാലിസ്ഥാന്‍ അനുകൂലികളും ഉണ്ടെന്നത് കേന്ദ്ര സര്‍ക്കാര്‍ തുടക്കം മുതലേ ഉന്നയിക്കുന്ന ആരോപണമാണ്.
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തികളായ സിംഗു, തിക്രി, ഗാസിപ്പൂര്‍ റോഡുകളില്‍ ഇന്നും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
സമരം തുടരുമെന്നു തന്നെ വ്യക്തമാക്കിയ കര്‍ഷക സംഘടനകള്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ തങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.
കര്‍ഷക സമരത്തെ രാഷ്ട്രീയത്തില്‍ നിന്നു പുറത്തു നിര്‍ത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷ എംപിമാരുമായി വേദി പങ്കിടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ നല്കുന്ന പിന്തുണയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, അവരുമായി വേദി പങ്കിടില്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ഡോ. ദര്ശന് പാല് പറഞ്ഞത്.