ബോളിവുഡ് നടി കങ്കണ റണൗത്തിനെ സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിംഗിനോട് ഉപമിച്ച് നടൻ വിശാൽ. കങ്കണയുടെ പ്രവൃത്തി ഭഗത് സിംഗ് 1920 കളിൽ നടത്തിയ പോരാട്ടത്തിനോട് സമാനമാണ് എന്നാണ് വിശാൽ ട്വിറ്ററിൽ കുറിച്ചത്. താരത്തിന്റെ ധൈര്യത്തേയും വിശാൽ പ്രശംസിക്കുന്നു.
നിങ്ങളുടെ ധൈര്യത്തിന് കൈയടി. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് പറയാൻ നിങ്ങൾ രണ്ട് വട്ടം ആലോചിച്ചിട്ടുണ്ടാകില്ല. ഇത് നിങ്ങളുടെ സ്വന്തം പ്രശ്നം മാത്രമല്ല. സർക്കാറിന്റെ കോപത്തെ നേരിട്ടപ്പോൾ പോലും ശക്തയായി നേരിട്ടു.
1920കളിൽ ഭഗത് സിംഗ് ചെയ്തതിന് തുല്യമാണ് നിങ്ങളുടെ പ്രവൃത്തി. ഒരു സെലിബ്രിറ്റി എന്ന നിലയിൽ മാത്രമല്ല, ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ എന്തെങ്കിലും തെറ്റ് കണ്ടാൽ സർക്കാറിനെതിരേ പ്രതികരിക്കുന്ന ഉദാഹരണമാണ് നിങ്ങൾ. -വിശാൽ ട്വീറ്റ് ചെയ്തു.
അതിനിടെ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച് ധീര രക്തസാക്ഷിയുമായി കങ്കണയെ ഉപമിച്ചതിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
ഇതിലൂടെ ഭഗത് സിംഗിനെ വിശാൽ നാണം കെടുത്തുകയാണ് എന്നാണ് വിമർശകർ പറയുന്നത്. കങ്കണ ചെയ്യുന്നതെല്ലാം സ്വന്തം താൽപ്പര്യങ്ങൾക്കുവേണ്ടിയാണെന്നും ധീരരക്തസാക്ഷിയുടെ പ്രവർത്തനങ്ങളുമായി എങ്ങനെയാണ് ബന്ധപ്പെടുത്തുകയെന്നും അവർ ചോദിക്കുന്നു.
മുംബൈയെ കങ്കണ പാക് അധീശ കശ്മീരിനോട് ഉപമിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. കങ്കണയുടെ പരാമർശത്തിനെതിരേ ശിവസേന രംഗത്തെത്തി. ഭീഷണി രൂക്ഷമായതോടെ കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷയാണ് കേന്ദ്രം ഒരുക്കിയത്.
തുടർന്ന് കങ്കണയുടെ ഓഫീസിന്റെ ഒരു ഭാഗം അനധികൃത നിർമാണമാണെന്നാരോപിച്ച് മുംബൈ കോർപ്പറേഷൻ പൊളിച്ചു നീക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു. വിവാദത്തിൽ കങ്കണയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം നടി കങ്കണ റണൗത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ ആവശ്യപ്പെട്ടു. മുംബൈയിൽ നടിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് മന്ത്രി ഇക്കാര്യം ഉന്നയിച്ചത്.
തന്റെ പാർട്ടിയുടെ പിന്തുണ കങ്കണയ്ക്കുണ്ട്. മുംബൈയിൽ ജീവിക്കുന്നതിന് പേടിക്കേണ്ടതില്ലെന്ന് അവരോട് താൻ പറഞ്ഞു. രാജ്യത്തിന്റെ സാന്പത്തിക തലസ്ഥാനമാണ് മുംബൈ. ഇവിടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. തന്റെ പാർട്ടി (ആർപിഐ) അവർക്കൊപ്പമുണ്ടെന്നും അത്തേവാലെ പറഞ്ഞു.
ബ്രിഹൻ മുംബൈ കോർപറേഷൻ (ബിഎംസി) കങ്കണയോട് കടുത്ത അനീതിയാണ് കാട്ടിയത്. അവരോട് പ്രതികാര നടപടിയാണുണ്ടായത്. ജനുവരിയിൽ നിർമിച്ച കെട്ടിടത്തിൽ 2-3 ഇഞ്ച് അധികം നിർമാണം നടന്നത് അവർ അറിഞ്ഞിരുന്നില്ല.
അത് പൊളിച്ച് മാറ്റുന്നതിനിടെ അകത്തെ ഭിത്തികൾക്കും ഓഫീസ് ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടായി. താൻ അപമാനിക്കപ്പെട്ടതായി കങ്കണ പറഞ്ഞു.
അവർ കോടതിയിൽ നഷ്ടപരിഹാരം ആവശ്യപ്പെടും- അത്തേവാലെ പറഞ്ഞു. എന്നാൽ നടി ബംഗ്ലാവിൽ അനധികൃത നിർമാണം നടത്തിയെന്നാണ് ബിഎംസിയുടെ നിലപാട്.