മുംബൈ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അപമാനിച്ചു സംസാരിച്ചതിനു പിന്നാലെ വീണ്ടും പ്രകോപന പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്.
1947ല്‍ ഏത് യുദ്ധമാണ് നടന്നതെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ കങ്കണ, തന്റെ ഒരു ചോദ്യത്തിന് ആരെങ്കിലും മറുപടി നല്കിയാല് ലഭിച്ച പദ്മശ്രീ തിരികെ നൽകി മാപ്പു പറയാമെന്നും കങ്കണ പറഞ്ഞു.
1857-ലെ സ്വാതന്ത്ര്യത്തിനായുള്ള ആദ്യ പോരാട്ടത്തേക്കുറിച്ച് ഞാൻ പറഞ്ഞതാണ്.
ഒപ്പം സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മിഭായ്, വീര്‍ സവര്‍ക്കര്‍ജി എന്നിവരുടെ ത്യാഗത്തേക്കുറിച്ചും.1857ൽ എന്ത് സംഭവിച്ചുവെന്ന് തനിക്കറിയാം.
എന്നാൽ, 1947ൽ ഏത് യുദ്ധമാണ് നടന്നത്. ഇതിന് ആരെങ്കിലും ഉത്തരം നൽകിയാൽ ലഭിച്ച പദ്മശ്രീ തിരികെ നൽകി മാപ്പു പറയാം, ദയവായി സഹായിക്കൂ- കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ബ്രിട്ടീഷുകാരുടെ കൈയിൽ നിന്നു 1947ൽ ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യം വെറും ഭിക്ഷയാണെന്നും ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചത് 2014ലെ മോദി സർക്കാരിന്റെ കടന്നു വരവോടെയാണെന്നുമാണ് കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
കേന്ദ്ര സർക്കാരിന്റെ സിവിലയൻ ബഹുമതിയായ പദ്മ പുരസ്കാരങ്ങൾ സ്വീകരിച്ചതിന് തൊട്ട് പിന്നാലെയാണ് കങ്കണയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
കങ്കണയുടെ പത്മശ്രീ പുരസ്കാരം തിരികെ വാങ്ങി രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ഉൾപ്പെടെ ആവശ്യപ്പെടുകയും ചെയ്തു.
ലഹരി വസ്തുക്കളുടെ സ്വാധീനത്തിലാകാം ഇങ്ങനെയൊരു പ്രതികരണത്തിന് കങ്കണ മുതിർന്നതെന്നാണ് എൻസിപി നേതാവ് നവാബ് മാലിക് പറഞ്ഞത്.
മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, വല്ലഭായ് പട്ടേൽ തുടങ്ങി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മഹദ് വ്യക്തികളെയും സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെയും അവഹേളിച്ച കങ്കണ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി ഉൾപ്പെടെ നിരവധി നേതാക്കൾ ആവശ്യപ്പെട്ടു.