മെൽബൺ: കാലിന് പരിക്കേറ്റു കിടന്ന കംഗാരുവിനെ കഴുത്തറുത്ത് കൊന്നയാൾ മെൽബണിൽ അറസ്റ്റിൽ. വീചാറ്റിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് അധികൃതർ ഇയാളെ പിടികൂടിയത്.കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ വിക്ടോറിയൻ നിയമപ്രകാരം രണ്ടു വർഷം തടവും 30,000 ഡോളർ പിഴയും (ഏകദേശം 20 ലക്ഷം രൂപ) ലഭിക്കും. ഇയാളുടെ വീട്ടിൽ നിന്ന് കത്തിയും തോക്കുകളും വിക്ടോറിയ സ്റ്റേറ്റ് അധികൃതർ കണ്ടെടുത്തിരുന്നു.
കുന്നിന് ചെരിവിൽ പരിക്കേറ്റു കിടക്കുന്ന കംഗാരുവിനെയാണ് ഇയാൾ കൊന്നത്. മൃഗത്തെ ഉപദ്രവിച്ച ശേഷം വാലിൽ പിടിച്ച് വലിച്ചിഴച്ചു. ഇതിനുശേഷം മൂർച്ചയേറിയ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കംഗാരു ഉച്ചത്തിൽ കരയുന്നതിനിടെ ആളുകൾ ചിരിക്കുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം.
മൃഗങ്ങൾക്ക് എതിരായ ക്രൂരത ഗൗരവകരമായ കാര്യമാണെന്ന് വിക്ടോറിയ ഡിഇഎൽഡബ്ല്യുപി വക്താവ് ഗ്ലെൻ ഷാർപ്പ് പറഞ്ഞു. ഇത്തരം കാര്യങ്ങളെ കുറിച്ച് വിവരം നൽകിയ പൊതുജനങ്ങൾക്ക് ഷാർപ്പ് നന്ദി പറഞ്ഞു.