മുംബൈ: ട്വിറ്ററിലൂടെ വർഗീയവികാരം ഉണർത്തുന്ന ട്വീറ്റുകൾ നടത്തിയെന്ന കേസിൽ ബോളിവുഡ് നടി കങ്കണ റണാവത്, സഹോദരി രംഗോലി ചന്ദേൽ എന്നിവർക്കെതിരേ കേസെടുക്കാൻ മുംബൈ കോടതി ഉത്തരവിട്ടു.
ഇരുവരും ഗുരുതരമായ കുറ്റമാണു നടത്തിയിരിക്കുന്നതെന്ന് ബാന്ദ്ര മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് ജയ്ദേവ് വൈ. ഖുലെ നിരീക്ഷിച്ചു. കാസ്റ്റിംഗ് ഡയറക്ടർ സഹീൽ അഷ്ഫറലി സയീദിന്റെ പരാതിയിലാണ് കോടതി നടപടി.
ബോളിവുഡിനെ അപമാനിച്ച് കങ്കണ രണ്ടുമാസമായി ട്വീറ്റുകൾ ഇടുകയാണ്. പാക് അധീന കാഷ്മീരുമായി മുംബൈയെ താരതമ്യം ചെയ്തു മതവികാരം ഇളക്കിവിടുക മാത്രമല്ല, ആയിരക്കണക്കിനു കലാകാരന്മാരെ വർഗീയമായി ചേരികളിലാക്കി അപമാനിക്കുകയും ചെയ്തു.
ടെലിവിഷൻ ചാനലുകളിലൂടെയും വർഗീയ പ്രചാരണം നടത്തി. സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയതിലൂടെ സഹോദരി രംഗോലിയും ഗുരുതരമായ കുറ്റം ചെയ്തുവെന്നും നടപടി വേണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം.
കങ്കണയുടെയും രംഗോലിയുടെയും ട്വീറ്റുകൾ പരിശോധിച്ച കോടതി, ക്രിമിനൽ കുറ്റം ചുമത്തി ഇരുവർക്കുമെതിരേ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.
കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരേ പ്രതിഷേധിച്ചവരെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിന് കങ്കണയ്ക്കെതിരേ കേസെടുക്കാൻ കഴിഞ്ഞദിവസം കർണാടക തുമകുരു ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ച അതേ ആളുകളാണ് ഇപ്പോൾ കാർഷിക ബില്ലിനെതിരേ സമരം നടത്തുന്നതെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.