കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുല്‍ റഹിമാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്നു സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
യൂത്ത് ലീഗ് പ്രവര്ത്തകന് ആഷിര്‍, എംഎസ്എഫ് പ്രവര്ത്തകന് ഹസന് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിലെ ഒന്നാംപ്രതിയെന്നു കരുതുന്ന യൂത്ത് ലീഗ് ഭാരവാഹി ഇര്‍ഷാദ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അതേസമയം, മരിച്ച ഒൗഫ് ഏതു പാർട്ടിക്കാരനാണെന്നതു സംബന്ധിച്ച രാഷ്ട്രീയ വിവാദവും ചൂടുപിടിച്ചിട്ടുണ്ട്. കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായിട്ടുണ്ട്. ഡിവൈഎസ്പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഇര്‍ഷാദിനെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇര്‍ഷാദാണ് കേസിലെ മുഖ്യപ്രതിയെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ഹസനും ആഷിറും ഇയാള്‍ക്കൊപ്പം കൃത്യത്തില്‍ പങ്കെടുത്തിരുന്നതായും കരുതുന്നു. ഇസഹാഖ് എന്ന മറ്റൊരു യുവാവിനെയും നേരത്തേ പിടികൂടിയിരുന്നെങ്കിലും ഇയാള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന.
ഇര്‍ഷാദാണ് ഔഫിനെ കുത്തിയതെന്ന മൊഴി ഇയാള്‍ അന്വേഷണസംഘത്തിന് നല്‍കിയിരുന്നു. ഇയാളെ കേസിലെ ഒന്നാം സാക്ഷിയാക്കാനാണ് സാധ്യത.കൊല്ലപ്പെട്ട ഔഫിന്റെ വീട് ഇന്ന് മന്ത്രി കെ.ടി. ജലീല്‍ സന്ദര്‍ശിക്കും
. ബുധനാഴ്ച രാത്രി 11 മണിയോടെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തിന് സമീപം മുണ്ടത്തോട് എന്ന സ്ഥലത്തുവച്ചുണ്ടായ സംഘര്‍ഷത്തിലാണ് ഔഫ് കൊല്ലപ്പെട്ടത്.
ഹൃദയധമനിയില്‍ കുത്തേറ്റതു മൂലം വേഗത്തില്‍ രക്തം വാര്‍ന്നതാണ് മരണകാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം.
ഇതിനിടയില്‍ ഔഫ് കാന്തപുരം വിഭാഗത്തിലെ സുന്നി യുവജന സംഘത്തിന്റെ മാത്രം പ്രവര്‍ത്തകനായിരുന്നുവെന്നും തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിക്കു വേണ്ടി പ്രവര്ത്തിച്ചുവെന്നതല്ലാതെ മറ്റു രാഷ്ട്രീയപ്രവര്‍ത്തനമൊന്നും
ഉണ്ടായിരുന്നില്ലെന്നുമുള്ള വാദവുമായി ഒരു വിഭാഗം സുന്നി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മരണ ശേഷമാണ് ഔഫിനെ ഡിവൈഎഫ്ഐ ഭാരവാഹിയായി പ്രഖ്യാപിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.
എന്നാൽ, ഒൗഫ് തങ്ങളുടെ പ്രവർത്തകനാണെന്നു പറഞ്ഞ് ഇതിനകം ഡിവൈഎഫ്ഐയും സിപിഎമ്മും വ്യാപക പ്രചാരണം നടത്തിക്കഴിഞ്ഞു.