പ്രതിഫലത്തിന്റെ കാര്യത്തില്‍ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരേ തുറന്നടിച്ച് നടി കനി കുസൃതി. അവാര്‍ഡ് നേടിയ ശേഷമാണ് തനിക്ക് കൃത്യമായി പ്രതിഫലം തരാന്‍ തുടങ്ങിയതെന്നാണ് കനി പറയുന്നത്.
അതേസമയം ഹിന്ദിയില്‍ കാര്യങ്ങള്‍ക്ക് കുറേക്കൂടി പ്രൊഫഷണല്‍ ആണെന്നും കനി കുസൃതി പറയുന്നു. നടിമാര്‍ മാത്രമല്ല, നടന്മാരും പ്രതിഫല പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അഭിനേതാക്കള്‍ക്ക് പുറമെ അസിസ്റ്റന്റ് ഡയറക്ടര്‍മാരും പ്രതിഫലത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണ്. മലയാള സിനിമയില്‍ പലര്‍ക്കും കോണ്‍ട്രാക്റ്റില്ല, പ്രതിഫലവുമില്ല. മിനിമം വേതനം നല്‍കാനുള്ള അടിസ്ഥാനപരമായൊരു സിസ്റ്റം പോലുമില്ല. അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആയി ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും രണ്ടു വര്‍ഷം കൂടുമ്പോള്‍ കഷ്ടിച്ച് 50,000 രൂപ പോലും ലഭിക്കുന്നില്ല.
2014 ല്‍ ഒക്കെ ഞാന്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ പതിനായിരവും പതിനയ്യായിരവും വരെ വളരെ ബുദ്ധിമുട്ടിയായിരുന്നു വാങ്ങിച്ചെടുത്തിരുന്നത്. പിന്നീടാണ് ഹിന്ദിയില്‍ സജീവമാകുന്നത്. ഹിന്ദിയില്‍ സജീവമായതോടെ പ്രതിഫലം കൃത്യമായി ലഭിച്ചു തുടങ്ങി. ഞാന്‍ അഭിനയിച്ച ഇന്ഡസ്ട്രികളില് പ്രതിഫല കാര്യത്തില്‍ കുറേക്കൂടി പ്രൊഫഷണല്‍ ഹിന്ദി സിനിമയാണ്. പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവിടെ കുറച്ചു കൂടി പ്രൊഫഷണലാണ്.
അതേസമയം എനിക്ക് 2019 ല്‍ മലയാളത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതോടെ രീതിയില്‍ മാറ്റം വന്നു. അവാര്‍ഡ് ലഭിച്ച ശേഷം പറയുന്ന തുക ലഭിക്കാന്‍ തുടങ്ങി. കരാര്‍ വയ്ക്കാനും ആരംഭിച്ചു. അവാര്‍ഡ് കാരണമാണ്, ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ കിട്ടേണ്ട അടിസ്ഥാന അവകാശങ്ങള്‍ പോലും കിട്ടിത്തുടങ്ങിയത്. അവാര്‍ഡ് ഒക്കെ എല്ലാവര്ക്കും എപ്പോഴും കിട്ടണമെന്നില്ല, അപ്പോള്‍ അവാര്‍ഡ് കിട്ടിയാല്‍ മാത്രമേ കൃത്യമായി പ്രതിഫലവും കോണ്ട്രാക്റ്റുമൊക്കെ ഉണ്ടാവുകയുള്ളോ? കനി ചോദിക്കുന്നു.