യൂട്യൂബില്‍ തരംഗമായ ഷോര്‍ട്ട് ഫിലിം മെമ്മറീസ് ഓഫ് മെഷീന്‍സിലെ നായിക കനി കുസൃതി മനസു തുറക്കുന്നു. ലൈംഗികാനുഭവത്തിന്റെ തുറന്നു പറച്ചിലിലൂടെയാണ് ഈ ഷോര്‍ട്ട് ഫിലിം ശ്രദ്ധ പിടിച്ചുപറ്റിയത്. യൂട്യൂബില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ഷോര്‍ട്ട് ഫിലിം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഒരു പെണ്‍കുട്ടി തന്റെ ആദ്യ ലൈംഗികാനുഭവം തുറന്നു പറയുന്നതായിരുന്നു ഷോര്‍ട്ട്ഫിലിമിന്റെ ഇതിവൃത്തം. വീഡിയോ കണ്ട ഒട്ടുമിക്ക ആളുകളും വിചാരിച്ചിരുന്നത് അതില്‍ അഭിനയിച്ചിരിക്കുന്ന പെണ്‍കുട്ടി തന്റെ ആദ്യാനുഭവം വിവരിക്കുകയാണെന്നാണ്.
എന്നാല്‍ ഈ ഷോര്‍ട്ട് ഫിലിമിലുള്ളത് തന്റെ സ്വകാര്യ അനുഭവമല്ലെന്നാണ് നടിയും മോഡലുമായ കനി കുസൃതി പറയുന്നു. “ഞാന്‍ ഒരു നടി മാത്രമാണെന്നും അതിലെ കഥാപാത്രം പങ്കുവെച്ച ലൈംഗികതയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ കാഴ്ചപ്പാടെന്നും’ കനി കുസൃതി പറയുന്നു. ലൈംഗികാനുഭവം തുറന്ന് പറഞ്ഞ് കനി കുസൃതി എന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നത്.
സംവിധായക ഷൈലജ പഡിന്‍ഡല ഇത്തരമൊരു കഥാപാത്രവുമായി തന്നെ സമീപിച്ചപ്പോള്‍ അതുമായി മുന്നോട്ടുപോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ ചെയ്യുന്ന കാര്യം എന്നെ സ്വകാര്യമായി ബാധിക്കുമോ ഇല്ലയോ എന്നൊന്നും താന്‍ ചിന്തിക്കാറില്ലെന്നും കനി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.
തനിക്ക് സെക്‌സിനോടു വെറുപ്പാണെന്നും. എന്നാല്‍ ഒരാളുടെ കഥ പറയാനുള്ള അവരുടെ താത്പര്യത്തോട് ഞാന്‍ യോജിക്കുകയും ചെയ്യുന്നുവെന്നും കനി വ്യക്തമാക്കുന്നു. അതേസമയം ഈ സിനിമ പിഡോഫിലിക്കിനെ (കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ആള്‍) ന്യായീകരിക്കുന്നതാണെന്ന തരത്തിലുള്ള വലിയ ആക്ഷേപവും ഉയരുകയാണ്. 9.46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം ആറുലക്ഷത്തോളം ആളുകളാണ് കണ്ടത്.